തളിപ്പറമ്പ്: ദേശീയപാതയോരത്ത് വർക്‌ഷോപ്പില്‍ നിർത്തിയിട്ട മെഡിക്കല്‍ ഓക്സിജൻ നിറച്ച ടാങ്കർ ലോറിയില്‍ നിന്ന് ഓക്‌സിജൻ ചോർന്നു.
തളിപ്പറമ്പ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ചോർച്ച നിയന്ത്രിക്കുകയും അപകടം ഒഴിവാക്കുകയും ചെയ്തു. ഇന്നലെ രാവിലെ കുറ്റിക്കോല്‍ ബാബുരാജ് ഓട്ടോ ഇലക്‌ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം.
ചെന്നൈയിലെ സതേണ്‍ എയർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് കമ്പനിയുടെ ടാങ്കർ ലോറിയിലാണ് ചോർച്ചയുണ്ടായത്. കാസർഗോഡ് സീതാംഗോളിയില്‍ നിന്ന് തളിപ്പറ സഹകരണ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജനുമായി എത്തിയതാണ് ലോറി. ആശുപത്രിയിലെ സിലിണ്ടറുകളില്‍ ഓക്സിജൻ നിറച്ചെങ്കിലും ലോറിയിലെ ടാങ്കറില്‍ കുറച്ച് ഓക്‌സിജൻ ബാക്കിയുണ്ടായിരുന്നു.
അതിനു ശേഷം ലോറിയിലെ ഇലക്‌ട്രിക്കല്‍ ഷോർട്ട് സർക്യൂട്ട് പരിഹരിക്കാനാണ് കുറ്റിക്കോലിലെ ബാബുരാജ് ഓട്ടോ ഇലക്‌ട്രിക്കല്‍സിലേക്ക് എത്തിച്ചത്.
അവിടുന്നാണ് ഓക്സിജൻ ചോർന്നത്. ഫയർഫോഴ്സ് എത്തി ചോർച്ച ഒഴിവാക്കി. വാഹനം നിർത്തിയിട്ടപ്പോള്‍ മർദം വർധിച്ചതാണ് ഓക്സിജൻ പുറത്തേക്കു വരാൻ കാരണമെന്നാണ് ഫയർഫോഴ്‌സിന്‍റെ നിഗമനം.