കണ്ണൂർ: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടിയിലധികം തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജ്വല്ലറിയിലെ മുൻ ചീഫ് അക്കൗണ്ടന്റായ കെ. സിന്ധുവിനെയും ഭർത്താവ് ബാബുവിനെയും പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.
കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലേക്കാണ് കുറ്റപത്രം സമർപ്പിച്ചത്. 65 രേഖകളും 60 സാക്ഷികളുടെയും മൊഴികളും ശേഖരിച്ച ശേഷമാണ് നടപടി.
ജ്വല്ലറിയുടെ മാനേജിങ് പാർട്ണർ ഡോ. സി.വി. രവീന്ദ്രനാഥിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2004 മുതൽ ജീവനക്കാരിയായിരുന്ന സിന്ധു 2009 മുതൽ പലതവണയായി കണക്കുകളിൽ കൃത്രിമം വരുത്തി തുക തട്ടിയെടുത്തുവെന്നാണ് ആരോപണം. സ്ഥാപനത്തിന് അടയ്ക്കേണ്ട വിവിധ നികുതികളുടെ കണക്കുകളിൽ തിരിമറി നടത്തി വ്യാജ രേഖകൾ തയ്യാറാക്കുകയും പണം സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റുകയും ചെയ്തതായി കണ്ടെത്തി.
ജ്വല്ലറിയുടെ ഓഡിറ്റിംഗിനിടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 2023ൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരുന്നു. എസ്.പി.മാരായ എം.പി. വിനോദ് കുമാർ, എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ അനീഷ് ബി. നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.