Zygo-Ad

കണ്ണൂരിൽ 10.17 കോടി രൂപയുടെ കായിക സൗകര്യങ്ങൾ; സിന്തറ്റിക്ക് ട്രാക്കും ഇൻഡോർ കോർട്ടും 12ന് മുഖ്യമന്ത്രി ഉദ്ഘാടനം


കണ്ണൂർ: കണ്ണൂർ നഗരത്തിൽ കായിക പ്രേമികൾക്ക് നേട്ടമൊരുക്കി 10.17 കോടി രൂപ ചെലവിൽ സജ്ജമായ സിന്തറ്റിക്ക് ട്രാക്കും മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും, ഇൻഡോർ സ്പോർട്സ് സെൻ്റർ കം സഭാ ഹാളും ഇനി തുറന്നു പോകുന്നു. ഓഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

കേരള പൊലീസ് സ്പോർട്‌സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ, പോലീസ് പരേഡ് ഗ്രൗണ്ടിലും ജില്ലാ പോലീസ് ആസ്ഥാനത്തും പൂർത്തിയായ സൗകര്യങ്ങൾ ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾക്കും പരിശീലനത്തിനും വഴിയൊരുക്കും. സിന്തറ്റിക്ക് ട്രാക്കും കം ഫുട്ബോൾ കോർട്ടും, വിവിധ ഇൻഡോർ കായിക വിനോദങ്ങൾക്കും ഫിറ്റ്നസ് പ്രവർത്തനങ്ങൾക്കും അനുയോജ്യമായ കോർട്ടും കണ്ണൂരിലെ കായിക രംഗത്തെ പുതിയ മുഖമായി മാറും.


അതേ ദിവസം മയ്യിൽ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടക്കും. 2 കോടി രൂപ ചെലവിൽ, 308 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള, റിസപ്ഷൻ, SHO മുറി, ജനമൈത്രി ഹാൾ, നിരീക്ഷണ ക്യാമറ കൺട്രോൾ റൂം, രണ്ട് ലോക്കപ്പ് മുറികൾ, പാർക്കിംഗ് സൗകര്യം തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം ഉയരുന്നത്.

ഉച്ച 3.30ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. സംസ്ഥാന പോലീസ് മേധാവി റവാഡെ ചന്ദ്രശേഖർ, എഡിജിപി എച്ച് വെങ്കിടേഷ്, എം.എൽ.എമാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.വി സുമേഷ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Previous Post Next Post