കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയെ ശ്രീകണ്ഠാപുരം പൊലിസും ഡാൻസെഫ് അംഗങ്ങളും സാഹസികമായി പിടി കൂടി.
ശ്രീകണ്ഠാപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പ് മുറിയൻ ഷബീറിനെ (42)യാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീകണ്ഠാപുരം എസ് ഐ എം ഷിജുവും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് തുടങ്ങിയ റെയ്ഡ് രാത്രി മണിയോടെയാണ് അവസാനിച്ചത്.
ഗേറ്റ് തുറക്കാത്തതിനാല്‍ വീടിൻ്റെ ഏഴടിയുള്ള മതില്‍ ചാടി കടന്നാണ് പൊലിസ് സംഘം മുറ്റത്ത് കയറിയത്. ഇതോടെ പൊലിസിനെ കണ്ട ഷബീർ മുറിക്കകത്ത് കയറി വാതില്‍ അടച്ചു.
തുടർന്ന് തുറക്കാൻ തയ്യാറാകാത്തപ്പോള്‍ വാതില്‍ ചവുട്ടി പൊളിക്കുമെന്ന് പൊലിസ് പറയേണ്ടി വന്നു. ഇതോടെയാണ് ഇയാള്‍ വാതിൽ തുറന്നത്. വീടിൻ്റെ മുറികളില്‍ നടത്തിയ പരിശോധനയില്‍ 2.2 ഗ്രാം എം.ഡി.എം.എയും 2500 പാക്കറ്റുകളും കണ്ടെത്തി.
ലഹരി മരുന്നുകള്‍ കത്തിച്ചു ഉപയോഗിക്കുന്നതിനുള്ള ബർണറുകളും പിടിച്ചെടുത്തു. ഇതിനിടെ ഷബീർ പൊലിസിനെ വെട്ടിച്ചു മതില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പിടികൂടാൻ സാധിച്ചു.
മതില്‍ ചാട്ടത്തിനിടെയുണ്ടായ വീഴ്ച്ചയില്‍ തുടയെല്ലിന് പരുക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് തറവാട് വീട്ടില്‍ നിന്നെത്തിയ ഷബീറിൻ്റെ ഉമ്മ ആയിഷ(55)പൊലിസുകാരെ തടയാൻ ശ്രമിച്ചതിനാൽ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പു പ്രകാരം ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2018 നവംബർ 13, 19 തീയ്യതികളിലായി പറശിനിക്കടവ് ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷബീർ' കുറച്ചു കാലം എർണാകുളം കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്.
തൃക്കാക്കരയില്‍ നിന്നും 12 ഗ്രാം എം.ഡി.എം.എസഹിതം പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം അടുക്കത്തെ വീട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു.
മയക്കുമരുന്ന് വില്‍പ്പന നടത്തി വളർന്ന ഷബീറിൻ്റെ ശ്രീകണ്ഠാപുരം അടുക്കത്തെ കൂറ്റൻവീട് ആധുനിക സംവിധാനങ്ങളുള്ളതാണ് റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചു പ്രവർത്തിക്കാൻ കഴിയുന്നതാണിത്.
വീടിന് ചുറ്റും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് വാഹന റിപ്പോയറിങിനെന്ന വ്യാജേനെ നിരവധി വാഹനങ്ങള്‍ നിർത്തിയിട്ടുണ്ട്.
നിരന്തരം വാഹനങ്ങള്‍ വന്നു പോകുമ്പോള്‍ നാട്ടുകാർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണിത്. ഷബീർ അടുക്കത്തെ ആറു മുറിയുള്ള വീട്ടില്‍ താമസിക്കാറില്ല ഐച്ചേരിയിലെ ഭാര്യ വീട്ടിലാണ് തങ്ങാറുള്ളത്.
മയക്കു മരുന്ന് ഇടപാടുകള്‍ നടത്താൻ മാത്രമാണ് രാത്രി ഏറെ വൈകുന്നതു വരെ ഈ വീട് ഉപയോഗിക്കുന്നത്. ശ്രീകണ്ഠാപുരവും പരിസരത്തുമുള്ള ഏജൻ്റുമാർ വഴിയും ഇയാള്‍ മയക്കു മരുന്ന് വില്‍ക്കാറുണ്ടെന്നാണ് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം ചൊർക്കള ഭാഗത്തു നിന്നും എം.ഡി എം.എ യുമായി പിടിയിലായ കോറോക്കാരൻ സിറാജ് (30) കരിമ്പം സ്വദേശി പി. ഉനൈസ് (34) എന്നിവരില്‍ നിന്നാണ് ബീറാൻ മുഖ്യ വില്‍പ്പനക്കാരനെന്ന വിവരം പൊലിസിന് ലഭിച്ചത്.
ശ്രീകണ്ഠാപുരം എസ്.ഐ പി.പി പ്രകാശൻ, എസ്. ഐമാരായ സുരേഷ് അലി അക്ബർ സീനിയർ സി.പി.ഒ മധു എന്നിവർ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘവും റെയ്ഡില്‍ പങ്കെടുത്തു.