കണ്ണൂർ: കൊടുംകുറ്റവാളിയും സൗമ്യ വധക്കേസ് പ്രതിയുമായ ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ കണ്ണൂർ സെൻട്രല്‍ ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ട് റിജോ ജോണിന് സസ്‌പെൻഷൻ.
ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായയാണ് സസ്‌പെൻഡ് ചെയ്തത്.
അന്വേഷണ വിധേയമായി നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്ന് രാത്രി ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ രജീഷ്, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസർമാരായ സഞ്ജയ്, അഖില്‍ എന്നിവരെയാണ് സംഭവത്തോടനുബന്ധിച്ച് നേരത്തെ സസ്പെൻഡ് ചെയ്തത്.
സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായ പറഞ്ഞിരുന്നു.
അതേ സമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.