കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ വകുപ്പ് അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ് സുമതി. കണ്ണൂർ ജയിലിൽ യാതൊരു സുരക്ഷയുമില്ലെന്ന ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലൂടെ വ്യക്തമായെന്ന് സുമതി മാധ്യമങ്ങളോട് പറഞ്ഞു. പുറത്തു നിന്നുള്ള സഹായം ലഭിക്കാതെ വലിയ മതിൽ ചാടാൻ തടവുപുള്ളിക്ക് സാധിക്കില്ലെന്നും സുമതി ചൂണ്ടിക്കാട്ടി.
'എന്‍റെ മകളെ ഇല്ലാതാക്കിയിട്ട് ഗോവിന്ദച്ചാമി പുറത്തുകൂടെ നടക്കില്ല. അവനെ വെറുതേ വിടില്ല. ജയിലിനുള്ളിൽ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. അല്ലാതെ പുറത്തുകടക്കാനാവില്ല. നല്ല തടവുകാരനാണെങ്കിൽ ശിക്ഷ പൂർത്തിയാക്കിയാണ് പുറത്തിറങ്ങേണ്ടിയിരുന്നത്. ജയിൽ ചാടിയ ഗോവിന്ദച്ചാമി ഇതിലും വലിയ കുറ്റങ്ങൾ ചെയ്യില്ലെന്ന് പറയാൻ സാധിക്കില്ല.
കണ്ണൂർ വിട്ടുപോകാനുള്ള സമയം ആയിട്ടില്ല. ഗോവിന്ദച്ചാമിയെ പിടികൂടണം. തൊപ്പിയും വെച്ച് വലിയ ഉദ്യോഗസ്ഥന്മരാണെന്ന് പറഞ്ഞ് നടന്നാൽ പോരാ, തടവുപുള്ളിയെ പിടിച്ചേപറ്റൂ. പൊലീസുകാരോടുള്ള ബഹുമാനം കളയാൻ ഇടവരരുത്.
എന്‍റെ മകളെ അറിയാത്തവർ ഈ നാട്ടിലില്ല. എവിടെ പോയാലും സൗമ്യയുടെ അമ്മയല്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്. സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയെ കുട്ടികളടക്കം മറക്കില്ല. ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാൻ സാധിക്കില്ല. നാട്ടുകാർ പിടിച്ചു കൊടുക്കും.
ഗോവിന്ദച്ചാമി തൂക്കിക്കൊന്നെങ്കിൽ ജയിൽ ചാട്ടത്തിന് അവസരം ലഭിക്കില്ലായിരുന്നു. ചാകാൻ അർഹതപ്പെട്ടവനാണ്. എത്ര പെൺകുട്ടികളെ ഇല്ലാതാക്കിയിട്ട് പുല്ലുപോലെ ഇറങ്ങിപ്പോന്നു. സൗമ്യ കൊല്ലപ്പെട്ടിട്ട് 15 വർഷമായി. ഇന്ന് രാവിലെയും ഗോവിന്ദച്ചാമിയെ കുറിച്ച് ഓർത്തതാണ്. വധശിക്ഷയിൽ ഇളവ് നൽകിയത് തെറ്റാണെന്ന് ജയിൽ ചാട്ടത്തിലൂടെ തെളിഞ്ഞു' - സുമതി ചൂണ്ടിക്കാട്ടി.
