നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നി ഉൾപ്പടെയുള്ള വന്യജീവികളെ കൊന്നൊടുക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ രഹസ്യമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് വനം -
വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മാർച്ച് 15നുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കും. വനം വകുപ്പ് ,പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ കൃത്യമായ ടൈംടേബിൾ നിശ്ചയിച്ച് ഓരോ മേഖലയിലും പരിശോധന നടത്തും. കെ.പി.മോഹനൻ എം എൽ എ യുടെ നേതൃത്വത്തിൽ ഇതിനായി കർമ്മപദ്ധതിക്ക് രൂപം നൽകും. ആവശ്യമായ മേഖലയിൽ 144 പ്രകാരം ഉത്തരവിറക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൃഷി നാശമുണ്ടായ മേഖലയിൽ പരിശോധന നടത്തി ജില്ലാ കൃഷി ഓഫീസർ നഷ്ടം കണക്കാക്കി ഡി.എഫ്.ഒ.വിന് നൽകിയാൽ കർഷകർക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച ശ്രീധരൻ്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകാൻ നിയമപരമായി സാധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കർമ്മപദ്ധതികൾക്ക് രൂപം നൽകാൻ നാളെ രാവിലെ 9.30ന് മൊകേരി പഞ്ചായത്തിൽ കെ.പി.മോഹനൻ എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രത്യേകയോഗം ചേരും. ഫോറസ്റ്റ് ,പോലീസ് ഉദ്യോഗസ്ഥർ, കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡൻറ്, മൊകേരി, പാട്യം പഞ്ചായത്ത് പ്രസിഡൻ്റുമാർ, പാനൂർ നഗരസഭാ ചെയർമാൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.