Zygo-Ad

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ; കുട്ടി ഡ്രൈവര്‍മാര്‍ക്ക് തടവും; റോഡിലെ പിഴകളെല്ലാം കുത്തനെ കൂട്ടി; മാറിയ നിയമം ഇങ്ങനെ

 


വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും.

അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച്‌ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.

 മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍

മദ്യപിച്ച്‌ വാഹനമോടിക്കുമ്ബോള്‍ പിടിക്കപ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ. നേരത്തെ ഇത് 1,000 രൂപയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം. ഇതേ കുറ്റം ആവര്‍ത്തിച്ചാലുള്ള പിഴ 1,500 ല്‍ നിന്ന് 15,000 രൂപയായാണ് വര്‍ധിപ്പിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം തടവ്.

 ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ അടക്കണ്ട പിഴ 100 രൂപയില്‍ നിന്ന് 1,000 രൂപയാക്കി. മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്. കാറുകളിലും മറ്റും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും പിഴ 1,000 രൂപയാണ്.

ഫോണ്‍ ഉപയോഗം

ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗത്തിനും കൂടുതല്‍ പിഴ നല്‍കണം. 500 ല്‍ നിന്ന് 5,000 രൂപയായാണ് പിഴ ഉയര്‍ത്തിയത്.

 രേഖകള്‍ ഇല്ലെങ്കില്‍

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ പിഴ 5,000 രൂപയാണ്. നേരത്തെ ഇത് 500 രൂപയായിരുന്നു. വാഹനത്തിന് ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ 2,000 രൂപ അടക്കേണ്ടി വരും. 200 രൂപയില്‍ നിന്നാണ് 2,000 ആക്കിയത്. അതോടൊപ്പം മൂന്നു മാസത്തെ തടവോ നിര്‍ബന്ധിത സാമൂഹ്യ സേവനമോ ലഭിക്കാനും സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ 4,000 രൂപ പിഴയടിക്കും.

 പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്

വാഹനത്തിന്റെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ലെങ്കില്‍ പിഴ 1,000 രൂപയില്‍ നിന്ന് 10,000 ആയാണ് കൂട്ടിയത്. അല്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ ലഭിക്കും. ബൈക്കില്‍ മൂന്നു പേര്‍ യാത്ര ചെയ്താല്‍ 1,000 രൂപയും അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവക്ക് 5,000 രൂപയും നല്‍കേണ്ടി വരും. ആംബുലന്‍സ് ഉള്‍പ്പടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കിയാല്‍ പിഴ 10,000 രൂപയാണ്.

 കുട്ടി ഡ്രൈവര്‍മാര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്തവര്‍(18 വയസ്) വാഹമോടിച്ച്‌ പിടിക്കപ്പെട്ടാല്‍ പിഴ 2,500 ല്‍ നിന്ന് 25,000 രൂപയാക്കി വര്‍ധിപ്പിച്ചു. ഒപ്പം മൂന്നു വര്‍ഷം തടവ് ശിക്ഷയും ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും 25 വയസുവരെ ലൈസന്‍സ് നല്‍കാതിരിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Previous Post Next Post