കണ്ണൂർ :എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച സിപിഐ നേതാവിനെതിരെ നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമായ വി.കെ. സുരേഷ്ബാബുവിനെതിരെയാണ് സിപിഐ നടപടിയെടുക്കാൻ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി.കെ. സുരേഷ്ബാബുവിനെ ശാസിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
ഒരു പ്രാദേശിക ചാനലിനോട് പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ ചാനലിലാണ് സുരേഷ് ബാബുവിന്റെ പ്രതികരണം വന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവി വാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്.
‘നവീൻ ബാബുവിന്റെ മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം.സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടു മുതൽ അദ്ദേഹത്തിനു നേരേ ഉയർന്നു. മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചു.
ഇതേത്തുടർന്ന് ജില്ലാ കൗൺസിലിൽ ചൂടേറിയ ചർച്ച നടന്നു. സുരേഷ് ബാബുവിനെ പുറത്താക്കണമെന്നുവരെ അംഗങ്ങൾ ആവശ്യപ്പെട്ടു.
ദിവ്യയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് പ്രാദേശിക ചാനലിൽ പ്രതികരണം നടത്തിയതെന്ന് വിമർശനവുമുണ്ടായി.
ജില്ലാ കൗൺസിലിൽ എൻ. ഉഷ, അഡ്വ. പി. അജയകുമാർ എന്നിവർ ശക്തമായ നടപടി ആവശ്യപ്പെട്ടു. മറ്റ് രണ്ട് നേതാക്കൾ ഇതിനെ അനുകൂലിച്ചു. താൻ ഉദ്ദേശിച്ചതല്ല, പറഞ്ഞതെന്ന രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.
നടപടി ആവശ്യപ്പെട്ടുള്ള നിർദേശം ജില്ലാ എക്‌സിക്യുട്ടീവ് ചർച്ചചെയ്തശേഷം ശാസിക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ് സുരേഷ്ബാബു. മികച്ച പ്രഭാഷണങ്ങളിലൂടെ പാർട്ടിക്ക് പുറത്തും ജില്ലയിലും ശ്രദ്ധേയനായ നേതാവാണ് സുരേഷ് ബാബു.