കണ്ണൂർ : നഗരത്തിൽ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെ കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടിച്ചു. ഇവരുടെ മൂന്ന് ഇരുചക്ര വാഹനങ്ങളും പിടിയിലായി. മാർക്കറ്റിൽ ലാല ഡൈ വർക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസിൽ അവിനാഷ് (27), കെ.എൻ ക്വയർ സെൻ്റർ നടത്തുന്ന തളാപ്പ് ഷാ നിവാസിൽ ഷാജിത്ത് (58), വീട്ടിൽ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസിൽ താമസിക്കുന്ന നറോട്ട് സിങ് (57) എന്നിവരാണ് പിടിയിലായത്.
എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡ് സീനിയർ പബ്ലിക്ഹെൽത്ത് ഇൻസ്പെക്ടർ കെ.പി പദ്‌മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.ജി അനിത, ഷഫീർ അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്‌ച രാത്രി 8.30-ഓടെ രാജീവ്ഗാന്ധി റോഡിൽ മാലിന്യം തള്ളാനെത്തിയതായിരുന്നു ഇവർ. കോർപ്പറേഷൻ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടും പല സ്ഥാപനങ്ങളും രാത്രി പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ട്‌ടങ്ങളും മറ്റ് മാലിന്യവും പൊതുസ്ഥലങ്ങളിൽ തള്ളുന്നത് പതിവായിരിക്കുകയാണ്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ ആർ.ഡി.ഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ഇതേത്തുടർന്നാണ് നൈറ്റ് എൻഫോഴ്സസ്മെൻ്റ് സ്‌ക്വാഡ് പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പുലർച്ചെ വരെ കർശന പരിശോധന തുടരുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി രാജേഷ്, സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ എന്നിവർ അറിയിച്ചു