കണ്ണൂർ :റെയിൽവേ സ്റ്റേഷനും മുനീശ്വരൻ കോവിലിനും ഇടയിലുളള കച്ചവടക്കാരും യാത്രക്കാരും ദിവസങ്ങളായി മലിനജലത്തിന്റെ ദുർഗന്ധം സഹിക്കുകയാണ്.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ റോഡിലാണ് മലിനജല ട്രീറ്റ്മെന്റ്പ്ലാന്റിലെക്കുള്ള പൈപ്പിൽ നിന്ന് മലിന ജലം ഒഴുകുന്നത്. ആദ്യദിനം ചെറിയ രീതിയിലായിരുന്നു മലിനജലം ഒഴുകിയത്. പിന്നീടുളള ദിവസം ശക്തി കൂടിയതോടെ കച്ചവടക്കാർക്കും യാത്രക്കാർക്കും സഹിക്കാൻ പറ്റാത്ത ദുർഗന്ധമാണ്.
മൂക്കുമൂടി ടവ്വൽ കെട്ടിയാണ് ഇരിക്കുന്നതെന്ന് സമീപത്തെ കടയുടമകൾ പറഞ്ഞു.സ്റ്റേഷൻ പരിസരത്തുളള ചില ഹോട്ടലുകളിൽ നിന്നും ചെറുകിട ജ്യൂസ് കടകളിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലത്തിന്റ്റെ പൈപ്പ് പൊട്ടി ചോർന്നതാണ് രൂക്ഷഗന്ധത്തിന് കാരണമെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. പ്രശ്‌നം കോർപ്പറേഷനിൽ അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ജീവനക്കാരെത്തി പരിശോധിച്ചു. എറണാകുളത്തുനിന്ന് പ്രത്യേക യന്ത്രം എത്തിച്ചാൽ മാത്രമേ തടസ്സം നീക്കാൻ കഴിയൂ.
സ്വന്തമായി യന്ത്രം വാങ്ങണമെങ്കിൽ 36 ലക്ഷത്തിലേറെ രൂപ വേണമെന്നും ചൊവ്വാഴ്‌ച വാടകയ്ക്ക് യന്ത്രം എത്തിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചതായും കച്ചവടക്കാർ പറഞ്ഞു. കച്ചവടക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഇടവിട്ട ദിവസങ്ങളിൽ കോർപ്പറേഷൻ ആളുകളെത്തി ബ്ലീച്ചിങ് പൗഡർ കലക്കി റോഡിൽ ഒഴിച്ചുപോകും. അത് താത്കാലിക ആശ്വാസമാവുന്നുണ്ടെങ്കിലും നടപടി വേഗത്തിലാക്കണമെന്നാണ് യാത്രക്കാരും കച്ചവടക്കാരും പറയുന്നത്.