Zygo-Ad

അനധികൃത സ്വത്ത് സമ്പാദനം: കണ്ണൂര്‍ കോര്‍പറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ പി.കെ രാഗേഷിൻ്റെ വീട്ടില്‍ വിജിലൻസ് റെയ്ഡ്



കണ്ണൂർ : കോണ്‍ഗ്രസ് വിമത നേതാവും കണ്ണൂർ കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ വീട്ടില്‍ നടത്തിയ റെയ്ഡ് അവസാനിച്ചു

തലശേരി കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.ചൊവ്വാഴ്ച്ച ഉച്ചയോടെ പരിശോധന അവസാനിച്ചു. രാവിലെ കോഴിക്കോട് വിജിലൻസ് സെല്‍ എസ്.പി കെ.പി അബ്ദുള്‍റസാഖിൻ്റെ നേതൃത്വത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.ഒരേ സമയത്തായിരുന്നു ചാലാട്മുള്ളങ്കണ്ടിയിലെ പി.കെ രാഗേഷിൻ്റെ വസതിയിലും കോർപറേഷനിലെ പി.കെ രാഗേഷിൻ്റെ ക്യാബിനിലും റെയ്ഡ് നടന്നത്. വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനമെന്ന ആരോപണമാണ് പി.കെ രാഗേഷിനെതിരെ ഉയർന്നത്. പി.കെ.രാഗേഷിൻ്റെ കണ്ണൂർ കോർപറേഷനിലെ ക്യാബിനില്‍ രാവിലെ ഏഴരയോടെ നടത്തിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു. 

എന്നാല്‍ ഇവിടെ നിന്നും മറ്റു രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ഇവിടെ സൂക്ഷിച്ച പ്രധാന ഫയലുകള്‍ ഉള്‍പ്പെടെ വിജിലൻസ് വിളിച്ചു വരുത്തി പരിശോധിച്ചിട്ടുണ്ട്.

ക്യാബിനില്‍ നടന്ന പരിശോധനയില്‍ മൂന്ന് വിജിലൻസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയിരുന്നു. വസതിയില്‍ നിന്നും കണ്ടെത്തിയ ചില രേഖകള്‍ വിജിലൻസ് കൊണ്ടുപോയി.

വിജിലൻസ് സൂപ്രണ്ടിന് പുറമേ ഡി.വൈ.എസ്പി ഗസ്റ്റഡ് ഉദ്യോഗസ്ഥൻമാർ തുടങ്ങി 15 അംഗ ടീമാണ് പങ്കെടുത്തത്. രണ്ടു വർഷം മുൻപെ പി.കെ രാഗേഷിൻ്റെ വീട്ടില്‍ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. 

ഇതിനിടെ റെയ്ഡിനിടെയില്‍ പി.കെ രാഗേഷ് ചൊവ്വാഴ്ച്ച രാവിലെ 11 ന് നടന്ന കണ്ണൂർ കോർപ്പറേഷൻ വികസന സെമിനാറിലെത്തി പദ്ധതി രേഖ അവതരിപ്പിക്കുകയും ചെയ്തു.

വിജിലൻസ് പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ രാഗേഷ് പ്രതികരിച്ചു. എല്ലാ വർഷവും ലോകായുക്തയില്‍ സ്വത്ത് സംബന്ധമായും മറ്റുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താരുണ്ട്. 

ഇതില്‍ കൂടുതല്‍ എന്തെങ്കിലുമുണ്ടോയെന്ന പരിശോധന നടത്താനുള്ള അവകാശം വിജിലൻസിനുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു

Previous Post Next Post