പയ്യാമ്പലത്ത് അലകടലിനോടു മത്സരിച്ച് ആവേശത്തിരമാല തീർക്കാൻ ബീച്ച് റണ്ണിന്റെ എട്ടാമത് എഡിഷന് കണ്ണൂർ ഒരുങ്ങി. ഓരോ വർഷവും ഏറിവരുന്ന പങ്കാളിത്തവും വൈവിധ്യങ്ങളും സമ്മാനത്തുകയുമെല്ലാമാണ് കണ്ണൂർ ബീച്ച് റണ്ണിനെ വേറിട്ടു നിർത്തുന്നത്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് ബീച്ച് റണ്ണിന്റെ സംഘാടനം. 2015 മുതൽ നടന്നു വരുന്ന ബീച്ച് റൺ വടക്കേ മലബാറിലേക്ക് രാജ്യാന്തര മാരത്തൺ ഓട്ടക്കാരും കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ സെലിബ്രിറ്റികൾ ഒഴുകിയെത്തുന്ന വാർഷിക ഉത്സവമായി മാറിക്കഴിഞ്ഞു.
ഓരോ വർഷവും പങ്കാളിത്തം കൂടിവരുന്നത് ആവേശകരമാണെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു.ഇത്തവണ 23നാണ് ബീച്ച് റൺ നടക്കുന്നത്. 2010ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി സ്വർണം നേടിയ ദീർഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരനാണ് ഇത്തവണത്തെ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസഡർ. കായികപ്രതിഭകളുമായി സംവദിക്കാനായി 22നു തന്നെ പ്രീജ കണ്ണൂരിലെത്തും. 23ന് ബീച്ച് റണ്ണിലും പങ്കുചേരും. 23നു പുലർച്ചെ 5.30ന് പയ്യാമ്പലത്ത് ഒത്തുചേരുന്ന ജനസഞ്ചയം സൂംബ നൃത്തച്ചുവടുകളോടെ വാം അപ് പൂർത്തിയാക്കിയാണ് ഓടിത്തുടങ്ങുക. ഡൽഹിയിൽ നിന്നുള്ള സെലിബ്രിറ്റി ഡാൻസർ സമീർ സചിദേവിന്റെ നേതൃത്വത്തിലുള്ള സൂംബാ മാജിക്ക് ഗ്രൂപ്പാണ് സൂംബ ഡാൻസ് പരിശീലിപ്പിക്കുക.
കായിക രംഗത്തു കണ്ണൂരിന്റെ ചരിത്രം മാറ്റിയെഴുതിയ ഖ്യാതിയുണ്ട്, ബീച്ച് റണ്ണിന്. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര മാരത്തൺ താരങ്ങൾ ബീച്ച് റണ്ണിൽ ഇതിനകം പങ്കാളികളായി. മാത്രമല്ല, ബീച്ച് റണ്ണിൽ ഓടിത്തുടങ്ങിയവരിൽ പലരും ഇപ്പോൾ രാജ്യാന്തര മാരത്തണുകളിൽ ശ്രദ്ധേയരാണ്. ആരോഗ്യസംരക്ഷണം, കായിക വളർച്ച, വിനോദസഞ്ചാരം എന്നിവയ്ക്കു പുറമേ ലഹരി വിരുദ്ധ സന്ദേശ പ്രചാരണവും ബീച്ച് റണ്ണിന്റെ ലക്ഷ്യങ്ങളാണ്. കണ്ണൂർ വിമാനത്താവളം വഴി വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഉത്തര മലബാറിലെ ടൂറിസം സാധ്യത വളർത്താനും ബീച്ച് റൺ പ്രയോജനപ്പെടുമെന്നും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പാണ് സംഘാടനത്തിന് തുടക്കം മുതൽ പ്രധാന പിന്തുണ നൽകുന്നത്. മലയാള മനോരമയാണ് മാധ്യമ പങ്കാളി. പങ്കെടുക്കാൻ റജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.
പ്രൈസ് മണി തുക 4 ലക്ഷത്തിലേറെ
ഹാഫ് മാരത്തൺ ഉൾപ്പെടെ നാലു വിഭാഗങ്ങളിലായി നടക്കുന്ന ബീച്ച് റണ്ണിന് 4 ലക്ഷത്തിലേറെ രൂപയാണ് മൊത്തം പ്രൈസ്മണി പ്രഖ്യാപിച്ചിരിക്കുന്നത്. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, വെറ്ററൻസ്, കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ 3 കിലോമീറ്റർ ഫാമിലി റൺ എന്നിവയാണ് ഈ വർഷത്തെ കാറ്റഗറികൾ. നാലു വിഭാഗത്തിലും പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനത്തുകയും:
21.1 കിലോമീറ്റർ ഹാഫ് മാരത്തൺ – 60,000 രൂപ, 30,000 രൂപ, 20,000 രൂപ.
10 കിലോമീറ്റർ – 30,000 രൂപ, 15,000 രൂപ, 6,000 രൂപ.
വെറ്ററൻസ് 10 കിലോമീറ്റർ – 20,000 രൂപ, 10,000 രൂപ, 4,000 രൂപ. 3 കിലോമീറ്റർ ഹെൽത്ത് റൺ – 5,000 രൂപ, 2500 രൂപ, 1000 രൂപ.
റജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.
കുടുംബത്തിനൊപ്പം ഓടാം, ആരോഗ്യത്തിനായി ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലിയെന്ന സന്ദേശമുയർത്തിയാണ് ബീച്ച് റണ്ണിൽ ഫാമിലി റൺ എന്ന വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി എത്തിയ മാതാപിതാക്കൾ മുതൽ എൺപതു പിന്നിട്ടവർ വരെ മുൻ വർഷങ്ങളിൽ ഫാമിലി റണ്ണിൽ അണിനിരന്നത് ആവേശകരമായിരുന്നു. വ്യായാമം ശീലമാക്കാനുള്ള പ്രേരണയായി ഫാമിലി റൺ മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾക്കൊപ്പം ഓടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.