മയ്യിൽ: കൊയ്യാൻ പാകമായ പാടത്തിൽ യന്ത്രവുമെത്തിച്ച് കതിരിന് കാത്തിരുന്ന കർഷകർക്ക് അപ്രതീക്ഷിത മഴ നൽകിയത് നിരാശയും കണ്ണീരും. മയ്യിൽ പഞ്ചായത്തിലെ കണ്ടക്കൈ കിഴക്ക്, പടിഞ്ഞാറ് പാടശേഖരങ്ങളിലെ ഏക്കറു കണക്കിന് പാടങ്ങളിലെ നെല്ലാണ് കൊഴിഞ്ഞു വീഴാൻ തുടങ്ങിയത്. വയനാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പേയെത്തിച്ച കൊയ്ത്തു യന്ത്രങ്ങൾ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വയലിലിറക്കാനാകാത്തതാണ് പ്രശ്നമാകുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി മിക്കവാറും എല്ലാ ദിവസങ്ങളിലും ഇവിടെ കനത്ത മഴയായിരുന്നു. നെൽമണിയിൽ വെള്ളത്തുള്ളിയുണ്ടായാൽ യന്ത്രക്കൊയ്ത്തിൽ നെല്ല് ശേഖരിക്കാനാകാതെ പുല്ലിനോടൊപ്പം പോകുകയാണ് ചെയ്യുക. കൊയ്യാനായി എത്തിയ തൊഴിലാളികളും ജോയി ചെയ്യാനാകാതെ തിരിച്ചു പോകാനൊരുങ്ങുകയാണ്. നാൽപത് ഏക്കർ കൃഷിയാണിവിടെയുള്ളത്. യന്ത്രക്കൊയ്ത്തിന് ഒരു മണിക്കൂറിന് 2400 രൂപയാണ് കർഷകർ നൽകേണ്ടത്. നെല്ല് ലഭിക്കില്ലെന്നറിയുന്നതിനാൽ കാലാവസ്ഥ തെളിഞ്ഞാൽ മാത്രമേ ഇനി കൊയത്ത് നടക്കുകയുള്ളു. മൂപ്പെത്തിയ നെൻമണികളായതിനാൽ കർഷകർക്ക് ഏറെ കാലം കാത്തു നിൽക്കാനും സാധിക്കില്ല.
കൊയ്ത്ത് സാധ്യമാക്കാനുള്ള നടപടികൾ വേണം. വിത കഴിഞ്ഞ് കൊയ്ത്തു വരെ പാടത്തിന് സംരക്ഷണമേകി വിളവെടുപ്പിനായി കാത്തിരുന്ന കർഷകരുടെ കണ്ണീർ തുടക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണം. സി.വി. രാജീവൻ, സെക്രട്ടറി, പാടശേഖര സമിതി, കണ്ടക്കൈ കിഴക്ക്.
കൊയ്യാൻ പ്രാദേശികമായ കൂട്ടായ്മ രൂപവത്കരിക്കണം
മുൻകാലങ്ങളിൽ ഇത്തരം കലാവസ്ഥയിലും കൊയ്ത്ത് സാധ്യമായിരുന്നു. കൊയ്യാനായി പ്രാദേശികമായി കർഷകരുടെ കൂട്ടായ്മ രൂപവത്കരിക്കേണ്ടതുണ്ട്. യന്ത്രക്കൊയ്ത്തിന് മാത്രം ആശ്രയിക്കേണ്ടിവരുന്നതാമ് പ്രശ്നമായത്. ബദൽ സംവിധാനങ്ങൾ കൃഷിക്കൂട്ടങ്ങളിലൂടെ ഉണ്ടാകണം. ടി.കെ. ബാലകൃഷ്ണൻ, പാരമ്പര്യ കർഷകൻ, അരയിടത്തുചിറ പാടശേഖരം.