കണ്ണൂര്‍:ജില്ലാ ആസ്ഥാനത്ത് നഗരകേന്ദ്രത്തിലെ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മൂലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കണമെന്ന് രജിസ്ട്രേഷന്‍-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി.
കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ കായിക താരങ്ങളായ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ അനുഭവിക്കുന്ന രൂക്ഷമായ പ്രശ്നം മന്ത്രി ഉന്നയിച്ചു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനായി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി കണ്ണൂര്‍ കോര്‍പറേഷന്‍ അറിയിച്ചു. കന്നുകാലികളെ പിടികൂടുന്നതിനുള്ള പ്രതിഫലം 5,000 രൂപയായി ഉയര്‍ത്താനും 5,000 രൂപ പിഴ ഈടാക്കാനും 1,000 രൂപ ഭക്ഷണ ചെലവിലേക്ക് ഈടാക്കാനും കോര്‍പറേഷന്‍ സ്ഥിരം സമിതി തീരുമാനിച്ചിട്ടുണ്ട്. ആകെ 11,000 രൂപ ഉടമയില്‍നിന്ന് ഈടാക്കും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, കെ സുധാകരന്‍ എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂല്‍, ഷാഫി പറമ്പില്‍ എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.