കണ്ണൂർ:ചാല കട്ടിങ്ങ് റെയിൽവെ മേൽപ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച (സപ്തംബർ മൂന്നിന് ) പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
തോട്ടട പോളിടെക്നിക്ക് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ, എംപിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ, അഡ്വ. പി സന്തോഷ്കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കണ്ണൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചാല, തോട്ടട പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് ചാല കട്ടിങ്ങ് റെയിൽവെ മേൽപ്പാലം നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഡെപ്പോസിറ്റ് വർക്കായി ഇന്ത്യൻ റെയിൽവെ മുഖാന്തിരമാണ് മേൽപ്പാലം പ്രവൃത്തി നടത്തുന്നത്.