മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ ചിറക്കല്‍ കിഴക്കേക്കര മതിലകം ക്ഷേത്രം പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് കെ വി സുമേഷ് എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്രം നവീകരിക്കുന്നത് ആലോചിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മറുപടിയില്‍ പറഞ്ഞു.
കിഴക്കേക്കര മതിലകം ക്ഷേത്രത്തിന് 1200 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കെ വി സുമേഷ് സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. പഴക്കം ചെന്ന ആരൂഢവും ഗോപുരവും 1500 ലേറെ പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഊട്ടുപുരയുമെല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.
കോലത്തു നാട്ടിലെ ഇളയവര്‍മ്മ രാജാവിന്റെ കൊട്ടാരകവിയായിരുന്നു ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയിലെ ശ്രീകൃഷ്ണന്റെ ജനനം മുതല്‍ കംസ വധം വരെയുള്ള ഭാഗങ്ങള്‍ ഗോപുരത്തില്‍ അതിമനോഹരമായ കൊത്തുപണിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കത്താല്‍ ക്ഷേത്രത്തിന്റെ പ്രധാന്യവും പ്രൗഢിയും നഷ്ടപ്പെട്ടു പോകാതെ സംരക്ഷിക്കണം.
ക്ഷേത്രനഗരിയായ ചിറക്കലിനെ തീര്‍ത്ഥാടക ടൂറിസത്തിന്റെ ഭാഗമാക്കുന്നതിലും സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുന്നതിനും പദ്ധതി ഏറെ ഉപകാരപ്രദമാകുമെന്നും എംഎല്‍എ പറഞ്ഞു.