Zygo-Ad

ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാൻ ഇന്ന് മുതല്‍ പുതിയ സംവിധാനം.

കണ്ണൂർ : ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീർപ്പാക്കാൻ ജൂലൈ ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.നിലവില്‍ 27 ആർഡിഒമാരോ സബ്കലക്ടർമാരോ കൈകാര്യംചെയ്തിരുന്ന അപേക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 71 ഉദ്യോഗസ്ഥർക്ക്‌ കൈകാര്യം ചെയ്യാനാകും.

നെല്‍വയല്‍, തണ്ണീർത്തട സംരക്ഷണ നിയമത്തിലെ റവന്യൂ ഡിവിഷണല്‍ ഓഫീസർ എന്ന നിർവചനത്തില്‍ “ഡെപ്യൂട്ടി കലക്ടർ തസ്തികയില്‍ താഴെയല്ലാത്ത, സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ’ എന്ന ഭേദഗതി നിലവില്‍ വന്നതോടെയാണിത്‌.

ഡെപ്യൂട്ടി കലക്ടർമാരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട്, 181 ക്ലർക്ക് തസ്തികകളും സൃഷ്ടിച്ചിരുന്നു. 123 സർവേയർമാരെ താല്‍ക്കാലികമായി നിയമിക്കാനും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടു. ജൂലൈ ഒന്നുമുതല്‍ പുതിയ രീതി നടപ്പാക്കാനുള്ള സോഫ്‌റ്റ്‌വെയർ ക്രമീകരണവും ജീവനക്കാരുടെ നിയമനവും പൂർത്തിയായി.

തരംമാറ്റത്തിനായി ദിവസവും ലഭിക്കുന്ന നൂറുക്കണക്കിന് അപേക്ഷകള്‍ തിരക്കുമൂലം ആർഡിഒ ഓഫീസുകളില്‍ കൈകാര്യം ചെയ്യാനാകുന്നില്ല. അതിന് നിയമപരമായ മുൻഗണന നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടർന്ന് തരംമാറ്റ നടപടികള്‍ ഓണ്‍ലൈനാക്കി. ഓണ്‍ലൈൻ വഴി 4,52,215 ലക്ഷം അപേക്ഷ ലഭിച്ചതില്‍ ബുധൻവരെ 1,78,620 അപേക്ഷ തീർപ്പാക്കി.

ജീവനക്കാരുടെ അഭാവം പരിഹരിക്കാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 990 ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുകയും 340 വാഹനങ്ങള്‍ അനുവദിക്കുകയും ചെയ്‌തു. ഐടി ഉപകരണങ്ങള്‍ക്കായി 5.99 കോടി രൂപ നല്‍കി.

779 ഓഫീസ്‌ അസിസ്റ്റന്റുമാരെയും 243 ടൈപ്പിസ്റ്റുകളെയും വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ പുനർവിന്യസിച്ചു. ഇതെല്ലാം പ്രയോജനപ്പെടുത്തിയാകും താലൂക്ക്‌ അടിസ്ഥാനത്തില്‍ തരംമാറ്റ അപേക്ഷകള്‍ തീർപ്പാക്കുക.

‘നിലം’ എന്നത്‌ ഭൂരേഖകളില്‍ ‘പുരയിടം’ എന്ന്‌ നിയമത്തിലെ നിബന്ധനകള്‍ക്ക്‌ വിധേയമായി മാറ്റുന്നതാണ്‌ ഭൂമി തരംമാറ്റല്‍. പണ്ടേതന്നെ പുരയിടമായ മാറിയ ഭൂമി രേഖകളില്‍ നിലം എന്നാണുള്ളതെങ്കില്‍ ഈ നടപടിവഴി അത്‌ പുരയിടമാക്കും. തരംമാറ്റിയ ഭൂമി എന്നു രേഖപ്പെടുത്തിയാകും നല്‍കുക.

Previous Post Next Post