കണ്ണൂർ : മീൻലഭ്യത കുറഞ്ഞതോടെ പച്ചമീനിന് പിറകെ ഉണക്കമീനിനും വലിയ തോതിൽ വിലകൂടി. ട്രോളിങ് നിരോധനം തുടങ്ങും മുൻപ് ഉള്ളതിനേക്കാൾ രണ്ടുമുതൽ നാലിരട്ടിവരെയാണ് മിക്ക ഉണക്കമീനിനും മൊത്തവില തന്നെ കൂടിയത്.മീൻകൂട്ടാതെ ചോറ് തിന്നാൻ പറ്റാത്തവർക്കുമുന്നിലെ ഒരേയൊരു വഴി ഉണക്കമീനായിരുന്നു. പൊള്ളുന്ന വിലയായതോടെ പലരും അതും ഉപേക്ഷിക്കുകയാണ്.
പച്ച മത്തിപോലെ മത്തി ഉണക്കിയതും ഇപ്പോൾ വി.ഐ.പി. ആയി. ഒരുകിലോ ഉണക്കമത്തിക്ക് മൊത്തവില 250 രൂപയായി. 90 രൂപയായിരുന്നു കുറച്ചു മുൻപുവരെ.മുള്ളൻ, ചെമ്മീൻ, അയല, മത്തി, മാന്തൾ, സ്രാവ് എന്നിവയാണ് ജില്ലയിൽ പ്രധാനമായും വിറ്റഴിയുന്ന ഉണക്കമീനുകൾ. എല്ലാറ്റിനും വില കുത്തനെ കൂടി. ജനപ്രിയ സാധനമായ ഉണക്കമുള്ളന് ഒരു കിലോയ്ക്ക് 300 മുതൽ 320 രൂപവരെയായി ചില്ലറവില.ട്രോളിങ് നിരോധനമായതിനാൽ മീൻലഭ്യത വളരെ കുറഞ്ഞു. പരമ്പരാഗത വള്ളക്കാർക്ക് മുൻകാലങ്ങളിലെപ്പോലെ മീൻ കിട്ടുന്നില്ല. കാലാവസ്ഥ മോശമാകുന്നതും മുന്നറിയിപ്പും കാരണം പല ദിവസങ്ങളിലും കടലിൽ പോകാനുമാകുന്നില്ല. കുഞ്ഞൻമീനുകൾ പിടിക്കരുതെന്ന് കടലിൽ പോകുന്നവർക്ക് കർശനനിർദേശവുമുണ്ട്. എല്ലാംകൂടിയായപ്പോൾ മീൻലഭ്യത കുറഞ്ഞു. ഇവിടെ ലഭ്യമായതിനും അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്നതിനും വില ഉയരുകയും ചെയ്തു.
മൊത്തവില: മുള്ളന്റെ വില 80-ൽനിന്ന് 200-ലെത്തി. ചെമ്മീനിന് 250-ൽനിന്ന് 600 രൂപയായി ഉയർന്നു. 120-140 രൂപയായിരുന്ന അയലക്കാവട്ടെ 280 രൂപയാണ്.തിരണ്ടിക്ക് നേരത്തേ 300 രൂപയായിരുന്നു. ഇപ്പോൾ 450-500 രൂപയാണ്. ചില്ലറ വ്യാപാരത്തിലെത്തുമ്പോൾ വില പിന്നെയും കൂടുന്നു. പലയിടങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുകളുമുണ്ടാകും.