Zygo-Ad

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഇ-ഹെൽത്ത് പദ്ധതി

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും.

വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഏത് ഇ-ഹെൽത്ത് അധിഷ്ഠിത ആസ്പത്രികളിൽ ലഭിക്കുമെന്നതിനാൽ ചികിത്സക്ക് വേഗം കൂട്ടാൻ ഇതുവഴി സാധിക്കും.

ഏതെങ്കിലും സർക്കാർ ആസ്പത്രിയിൽ നിന്ന്‌ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് തുടർ ചികിത്സക്ക് രോഗി റഫർ ചെയ്യപ്പെടുമ്പോൾ ആദ്യ ആസ്പത്രിയിൽ നിന്ന്‌ ചെയ്ത ലാബ്‌ പരിശോധന റിപ്പോർട്ട് ഉൾപ്പടെ റഫർ ചെയ്യപ്പെട്ട ആസ്പത്രിയിലും ലഭിക്കും.

ഇത് സമയ സാമ്പത്തിക നഷ്ടം ഒഴിവാക്കി രോഗിക്ക് ചികിത്സ വളരെ വേഗം കിട്ടാൻ വഴിയൊരുക്കും. ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി യു എച്ച് ഐ ഡി എടുക്കണം. ആധാർ കാർഡും ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി വന്നാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഒരുക്കിയ പ്രത്യേക ഇ-ഹെൽത്ത് കൗണ്ടറിൽ നിന്നും സേവനം ലഭ്യമാണ്.

ehealth.kerala.gov.in/portal/uhid-reg ഓൺലൈൻ ലിങ്ക് വഴി സ്വന്തമായി രജിസ്റ്റർ ചെയ്യാനും സാധിക്കും. യു എച്ച് ഐ ഡിയുമായി ബന്ധപ്പെടുത്തി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ടോക്കൺ എടുക്കുന്നതിനും ലാബ് റിസൽട്ട് ഉൾപ്പടെയുള്ള പരിശോധനാഫലങ്ങൾ അപ്പപ്പോൾ അറിയാനും കഴിയും.

യു എച്ച് ഐ ഡി ലഭിച്ചവർക്ക് ഇന്റർനെറ്റ് വഴി വീട്ടിലിരുന്നും ടോക്കൺ ബുക്ക് ചെയ്യാം. യു എച്ച് ഐ ഡി ലഭിക്കാൻ ആസ്പത്രിയിൽ പ്രത്യേക സേവനം ഒരുക്കിയതായി മെഡിക്കൽ കോളേജ് ആസ്പത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.

Previous Post Next Post