Zygo-Ad

ക്ഷേമപെന്‍ഷന്‍ കൂട്ടും; കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി.

കണ്ണൂർ : സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്. സമയബന്ധിതമായി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. കുടിശ്ശികയുള്ള രണ്ട് ഗഡു 2024-25 സാമ്പത്തിക വര്‍ഷം വിതരണം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷം മൂന്നുഗഡുവും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

പെന്‍ഷന്റെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം ലഭിക്കുന്നത് ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു പദ്ധതികള്‍ക്കാണ്. ശരാശരി 6.80 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതു ലഭിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഗുണഭോക്താക്കള്‍ 62 ലക്ഷം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യത്തിന്റെ വരുമാനപരിധി പ്രതിവര്‍ഷം 25,000 രൂപയാണെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ വരുമാനപരിധിയായി നിശ്ചയിച്ചത് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന നാമമാത്രമായ കേന്ദ്രവിഹിതം പെന്‍ഷന്‍ നല്‍കാന്‍ വേണ്ട തുകയുടെ വെറുംy രണ്ടു ശതമാനം മാത്രമാണ്. കടുത്ത പണഞെരുക്കം നേരിടുമ്പോഴും അവശജനവിഭാഗത്തെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4250 കോടിയാണ് കുടിശ്ശികയായിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1700 കോടി രൂപ വിതരണം ചെയ്യും. 2021 മുതല്‍ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. മൂന്നു വര്‍ഷം കൊണ്ട് കേന്ദ്ര ഗ്രാന്റില്‍ 19000 കോടിയുടെ കുറവുണ്ടായി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതവും വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Previous Post Next Post