Zygo-Ad

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് .

കണ്ണൂർ: സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മേഖലയിലെ മുഴുവൻ സ്‌കൂൾ വാഹനങ്ങളും ഇരിട്ടി ജോയിന്റ് ആർ ടി ഓ ബി. സാജുവിന്റെ വിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. കീഴൂർ കുന്നിന് സമീപം വെച്ച് നടക്കുന്ന പരിശോധയിൽ 6 ദിവസം കൊണ്ട് 225 വാഹനങ്ങളാണ് പരിശോധിച്ചത്.

സുരക്ഷാ സംവിധാനങ്ങളടക്കം പ്രവർത്തന സജ്ജമാണെന്ന് കണ്ടെത്തിയ 140 വാഹനങ്ങൾക്ക് ‘ബാഡ്‌ജ്’ നൽകി. ഓടുന്ന വാഹനങ്ങൾ ഈ ബാഡ്‌ജ് വാഹനത്തിൽ പതിച്ചിരിക്കണം. ബാക്കിയുള്ള 85 വാഹനങ്ങൾ സ്‌കൂൾ തുറക്കും മുൻപ് അപാകതകൾ പരിഹരിച്ചു ബാഡ്‌ജ് വാങ്ങിയിരിക്കണം. അറിയിപ്പ് ലഭിച്ചിട്ടും പരിശോധനയ്ക്ക് എത്താത്ത വാഹനങ്ങൾ ഓടുന്നുണ്ടെങ്കിൽ പരിശോധിച്ചു നടപടി സ്വീകരിക്കും. സ്‌കൂൾ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ പരിശോധനയ്ക്ക് വിളിപ്പിച്ചതെങ്കിലും വിദ്യാർഥികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളും നിരത്തിൽ വെച്ച് പരിശോധനക്ക് വിധേയമാക്കും. വിദ്യാർത്ഥികളെ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന എല്ലാ സ്കൂ‌ൾ വാഹനങ്ങളും സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ജോയിൻ്റ് ആർടിഒ ബി.സാജു, മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടർ ടി.വൈകുണ്‌ഠൻ എന്നിവർ അറിയിച്ചു. ഓട്ടോറിക്ഷകളിൽ ഉൾപ്പെടെ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകാൻ അനുവദിക്കില്ല. സ്‌കൂൾ അധികൃതർക്കും വാഹന ഡ്രൈവർമാർക്കും സുരക്ഷാ മാർഗ നിർദേശങ്ങളും നൽകി. അസിസ്‌റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ ഡി.കെ. ഷീജി, ഷനിൽ കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post