Zygo-Ad

വൈശാഖ മഹോത്സവം ചൊവ്വാഴ്ച്ചയും അനുഭവപ്പെട്ടത് വൻ ഭക്തജന തിരക്ക്. മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം പെരുമാൾക്ക് നിവേദിച്ചു.

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്. ചൊവ്വാഴ്ച്ചയും ഭക്തജനങ്ങളെ കൊണ്ട് തിരുവൻ ചിറ നിറഞ്ഞു.പുലർച്ചെ മുതൽ തന്നെ ദർശനത്തിനായി വലിയ ക്യൂവായിരുന്നു പടിഞ്ഞാറെ നടയിലും കിഴക്കെ നടയിലും അനുഭവപ്പെട്ടത്. പലരും മണിക്കൂറുകൾ ക്യൂ നിന്നാണ് പെരുമാളെ കണ്ട് മടങ്ങിയത്. ഉച്ചശീവേലിയോടെയാണ് തിരക്കിന് നേരിയ ശമന മുണ്ടായത്. സ്ത്രീ ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ മകം കലംവരവ് ഉച്ചശീവേലി വരെ മാത്രമേ പ്രവേശനാനുമതിയുള്ളു അതുകൊണ്ടുതന്നെയാകാം ചൊവ്വാഴ്ച്ചയും ഭക്ത ജന തിരക്ക് വർദ്ധിക്കാൻ കാരണമയത്.

വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം ചൊവ്വാഴ്ച പെരുമാൾക്ക് നിവേദിച്ചു. പന്തീരടി പൂജയോടെയാണ് ആയില്യം ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചത്. മകം കലം വരവ് പതിമൂന്നിനും നാലാമത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം പതിനാറിനും നടക്കും.

പാലക്കാട് എം പി വി. കെ. ശ്രീകണ്ഠൻ, മുൻ എം പി രമ്യ ഹരിദാസ്, സിനിമ സീരിയൽ താരങ്ങളായ ഷാജു കലാഭൻ, ചാന്ദിനി എന്നിവർ ചൊവ്വാഴ്ച കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ചരിത്രപ്രധാനമായതും പ്രകൃതിരമണീയതയുമുള്ള സ്ഥലങ്ങൾ ക്യാൻവാസിൽ പകർത്തിക്കൊണ്ടുള്ള ചിത്രസഞ്ചാരത്തിൻ്റെ ഭാഗമായി ചിത്രകാരൻ ഷൈജു കെ. മാലൂർ കൊട്ടിയൂർ അക്കരെ സന്നിധാനത്തിലെത്തി ഉത്സവനഗരി കാൻവാസിൽ പകർത്തി.

കോവിഡ് കാലത്തിന് മുമ്പ് കേരളത്തിനകത്തും പുറത്തുമായ് ഒരുപാട് സ്ഥലങ്ങൾ ഇതിനോടകം തന്നെ ക്യാൻവാസിൽ പകർത്തി ശ്രദ്ധേയനായ ചിത്രകാരൻ ആണ് മാലൂർ സ്വദേശി ഷൈജു. ഉച്ചശീവേലി സമയത്ത് കിഴക്കേനടയുടെ വലതു ഭാഗത്ത് ഇരുന്നായിരുന്നു ഷൈജു കൊട്ടിയൂർ അക്കരെ സന്നിധാനം പെൻ ഉപയോഗിച്ച് ക്യാൻവാസിൽ പകർത്തിയത്.

Previous Post Next Post