കണ്ണൂർ: വായനാ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങര വിശിഷ്ടാതിഥിയായി സംബന്ധിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പിഎന്‍ പണിക്കര്‍ അനുസ്മരണം പി കെ പ്രേമരാജന്‍ നിര്‍വഹിക്കും. ജൂണ്‍ 19 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി വായന പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നോവല്‍ ആസ്വാദനം (യു പി വിഭാഗം മാത്രം), തിരക്കഥാ രചന (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം), ‘വാര്‍ത്തകള്‍ക്കപ്പുറം’-പത്രവാര്‍ത്താ അവലോകന സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക്) എന്നിവയാണ് ഈ കാലയളവില്‍ സംഘടിപ്പിക്കുക.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, കേരള ലൈബ്രറി കൗണ്‍സില്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍, വിദ്യാ രംഗം കലാ സാഹിത്യ വേദി എന്നീ വകുപ്പുകളും സംഘടനകളും സംയുക്തമായാണ് വായനാ മാസാഘോഷം സംഘടിപ്പിക്കുന്നത്.