കൊച്ചി: സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. സിലിണ്ടര്‍ യഥാര്‍ഥ ഉപയോക്താവിന്റെ കൈയിലാണോയെന്ന് അറിയാനുള്ള നടപടിയുടെ ഭാഗമായാണ് ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് (ഇകെവൈസി അപ്ഡേഷന്) ആരംഭിച്ചത്.
എന്നാല്‍ ഇന്‍ഡേന്‍, ഭാരത്, എച്ച്പി കമ്പനികള്‍ക്കു കീഴിലുള്ള ഉപയോക്താക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ മസ്റ്ററിംഗ് ചെയ്തിട്ടുള്ളൂ. പല ഏജന്‍സികളും ഇതിനായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഉപയോക്താവ് എത്താതായതോടെ പാചക വാതക മസ്റ്ററിംഗ് നിര്‍ബന്ധമാണെന്ന മുന്നറിയിപ്പുമായി ഗ്യാസ് ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്. മസ്റ്ററിംഗ് നടത്താനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതുകഴിഞ്ഞാല്‍ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഉപയോക്താവ് നേരിട്ട് എത്തണം : ഗ്യാസ് കണക്ഷന് എടുത്തിട്ടുള്ള ഉപയോക്താവ് നേരിട്ടെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഉപയോഗിച്ചാണു വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്. അതേസമയം ഗ്യാസ് കണക്ഷന് എടുത്തിട്ടുള്ള വ്യക്തി വിദേശത്താണെങ്കിലോ കിടപ്പുരോഗിയോ മരിച്ചുപോയിട്ടോ ഉണ്ടെങ്കില്‍ കണക്ഷന് മറ്റാരുടെയെങ്കിലും പേരിലേക്കു മാറ്റി മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണു ഏജന്‍സികളുടെ നിര്‍ദേശം.
ഈ സാഹചര്യത്തില്‍ അതേ റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട മറ്റൊരാള്‍ക്ക് മസ്റ്ററിംഗ് ചെയ്യാം. ഇതിനായി അയാളുടെ പേരിലേക്ക് കണക്ഷന് മാറ്റണം. ഗ്യാസ് കണക്ഷന് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയ്ക്കൊപ്പം റേഷന്‍ കാര്‍ഡുകൂടി കൊണ്ടുവന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
ഈ രേഖകള്‍ കൈയില്‍ കരുതാം : മസ്റ്ററിംഗ് നടത്തുന്നതിനായി ഗ്യാസ് ഏജന്‍സിയില്‍ എത്തുന്ന ഉപയോക്താവ് ആധാര്‍ കാര്‍ഡ്, ഗ്യാസ് കണക്ഷന് ബുക്ക്, ഗ്യാസ് കണക്ഷന് എടുക്കുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ എന്നിവ കൈയില്‍ കരുതണം. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലാണു വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.
രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ഇകെവൈസി അപ്ഡേറ്റായെന്ന് സന്ദേശമെത്തും. വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. ഇതിനായി കമ്പനികളുടെ ആപ്പും ആധാര്‍ ഫേസ് റെക്കഗ്നിഷന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം.