കണ്ണൂർ:നവീകരിച്ച ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കിൽ വിദ്യാർഥികളെ കാത്തിരിക്കുന്നത് വിസ്‌മയക്കാഴ്ചകൾ. എട്ട് മുതൽ പ്ലസ്‌ടു വരെ ക്ലാസുകളിലെ ഫിസിക്സ്, കണക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ത്രീഡി ഷോകളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾക്കൊപ്പം പൊതുസമൂഹത്തിനും ശാസ്ത്രബോധം പകരുന്നതിനുള്ള സംവിധാനങ്ങളാണ് നവീകരിച്ചത്. തൃശൂർ മ്യൂസിയോ ലാബാണ് 10 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തി നടത്തിയത്.
സയൻസ്
പാർക്കിലെ പ്രവേശന കവാടത്തിനടുത്ത ദിനോസാറുകളുടെ പ്രതിമയാണ് വിദ്യാർഥികൾക്ക് ആദ്യം കൗതുകം പകരുക. പിന്നീട് ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും അത്ഭുത ക്കാഴ്‌ചകൾ വരവേൽക്കും. ഐഎസ്ആർഒ നിർമിച്ച് നൽകിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, നവീകരിച്ച മിനി പ്ലാനറ്റോറിയം, ത്രീഡി ഷോ തീയേറ്റർ എന്നിവയിലൂടെ ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ കാണാം. 20 മിനിറ്റാണ് ത്രീഡി ഷോ. ബഹിരാകാശത്തെക്കുറിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട്ഷോ, വൈനു ബാപ്പുവിന്റെ ഓർമ തുടിക്കുന്ന ബഹിരാകാശ ഗ്യാലറി, റോക്കറ്റ്, ടെലസ്കോപ്പ്, പാതാളക്കിണർ തുടങ്ങിയവയാണ് ഇവിടെയുള്ളത്.
മാജിക് ടാപ്പ്, ബർണോലി സർപ്രൈസ് അക്രോബാറ്റിക്സ്, ജാക്കോബ്‌സ് ലാഡർ, വിസ്‌മയക്കൊട്ടാരം, വിഷൻ ലിഡോസ്‌കോപ്പ്, കോൺക്ലേവ് ലെൻസും മിററും കോൺവെക്‌സ് മിററും ലെൻസും, ജലധാര, കാഴ്‌ച തങ്ങൽ പ്രക്രിയ, തന്മാത്ര ചലനം, ചാടും തളിക, ഊർജമാറ്റങ്ങൾ, പൈത്തഗോറസ് തീയറം, നെയിൽ ചെയർ, ക്യൂറി പോയിന്റ്, നൃത്തം ചെയ്യു ന്ന വളയങ്ങൾ, ചിത്ര ഗ്യാലറി, ഭീൻ ഉത്തോലകം, ലൂപ്പ് ദ ലൂപ്പ് എന്നിവ കാഴ്‌ചക്കാരുടെ ശാസ്ത്രബോധത്തെ ഉത്തേജിപ്പിക്കുന്നവയാണ്.
മുതിർന്നവർക്ക് 50 രൂപയും വിദ്യാർഥികൾക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്.നവീകരിച്ച സയൻസ് പാർക്ക് ശനി രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ അധ്യക്ഷയാവും. ശാസ്ത്ര ക്വിസ് മത്സരവുമുണ്ടാകും.