കണ്ണൂർ: വോട്ടെണ്ണല്‍ ദിനത്തില്‍ കണ്ണൂർ ജില്ലയില്‍ കനത്ത സുരക്ഷയൊരുക്കാൻ പോലീസിന്‍റെ ഉന്നതതല യോഗത്തില്‍ തീരുമാനം.
മൂന്ന് ലോകസഭാ മണ്ഡലങ്ങളുടെ പരിധി വരുന്ന കണ്ണൂർ ജില്ലയില്‍ സംഘർഷ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡലങ്ങളാണ് ജില്ലയുടെ പരിധിയില്‍ വരുന്നത്.
ഡിഐജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷ നടപ്പിലാക്കുന്നത്. കണ്ണൂർ സിറ്റിയുടെ പരിധിയില്‍ വളപട്ടണം, കണ്ണൂർ, മട്ടന്നൂർ, പിണറായി, കൂത്തുപറമ്പ്, തലശേരി പോലീസ് സബ് ഡിവിഷനുകളിലും കണ്ണൂർ റൂറല്‍ പോലീസ് സബ്ഡിവിഷനുകളിലും ഡിവൈഎസ്പിമാർക്കാണ് സുരക്ഷാ ചുമതല. കൗണ്ടിംഗ് സ്റ്റേഷനുള്ളില്‍ ഒരു ഡിവൈഎസ്പിയുടെയും രണ്ട് സിഐമാരുടെയും നേതൃത്വത്തില്‍ അന്പതോളം പോലീസുകാരെ വിന്യസിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ പുറത്ത് എഎസ്പിക്കാണ് സുരക്ഷാചുമതല. ഇവിടെ മൂന്ന് സിഐമാർ, അഞ്ച് എസ്‌ഐമാർ എന്നിവരുടെ നേതൃത്വത്തില്‍ നൂറ് പോലീസുകാരെ വിന്യസിക്കും. കൂടാതെ, അഞ്ച് മൊബൈല്‍ പട്രോളിംഗ് യൂണിറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.
ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ജില്ലയിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ വീടിനും പാർട്ടി ഓഫീസുകള്‍ക്കും സുരക്ഷ ഏർപ്പെടുത്തും. ഒന്നിലധികം കേസുകളുള്ള രാഷ്‌ട്രീയ കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കാനുള്ള നടപടികളും തുടങ്ങി. കേന്ദ്രസേനയടക്കമുള്ള സായുധസേനയാണ് പ്രശ്ന ബാധിത പ്രദേശങ്ങളില്‍ വിന്യസിക്കുന്നത്. ഇവിടെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെയും നിയോഗിക്കും. കൂടാതെ, സിഐയുടെ നേതൃത്വത്തില്‍ 30 പോലീസുകാരെയും വിന്യസിക്കും.
ആഹ്ലാദപ്രകടനത്തിന് ജില്ലാ കളക്ടർ രാഷ്‌ട്രീയ പാർട്ടി നേതാക്കളുമായി ആലോചിച്ച് നിശ്ചയിച്ച സമയപരിധി കഴിഞ്ഞാല്‍ നേതാക്കള്‍ക്കെതിരേ കേസെടുക്കും. അനുവാദമില്ലാതെ മൈക്ക് ഉപയോഗിച്ചാല്‍ മൈക്ക് ഓപ്പറേറ്റർക്കെതിരേയും കേസെടുക്കും. വാഹനം പിടിച്ചെടുത്ത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് നിർദേശം.