ഇരിട്ടി: കണ്ടെയ്നർ ലോറിയിടിച്ച് ഇരിട്ടി പഴയ പാലത്തിന്റെ ഇരുന്പ് ബീം തകർന്നത് മാറ്റുന്നതിനുള്ള നടപടികളും അറ്റകുറ്റപ്പണിയും ആരംഭിക്കാത്തതും പുതിയ പാലം മേഖലയെയും ഇരിട്ടി നഗരത്തെയും ഗതാഗതക്കുരുക്കിലാക്കുന്നു. കഴിഞ്ഞ ദിവസം ലോറിയിടിച്ചതിനെ തുടർന്ന് ബീമുകളിൽ ഒന്ന് തകർന്ന് തൂങ്ങിയ നിലയിലാണ്. പഴയ പാലത്തിലൂടെ കടന്നു പോകാൻ കഴിയുന്നതിലും ഉയരത്തിലുള്ള കണ്ടെയനർ ലോറി പാലത്തിലേക്ക് പ്രവേശിച്ചതാണ് മേൽഭാഗത്തെ ബീം തകർക്കാനിടയാക്കിയത്.
അപകടത്തെ തുടർന്ന പഴയപാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. തകർന്ന ബീമുകളൾ പൂർവസ്ഥിതിയിലാക്കാതെ ഇതിലൂടെ ഇരുചക്രവാഹനങ്ങൾക്കു പോലും കടന്നു പോകാൻ കഴിയില്ല. നേരത്തെ ഇരിട്ടിയിൽ നിന്നും ഉളിക്കൽ, തളിപ്പറന്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയപാലം വഴി വൺവേ സംവിധാനത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അപകടത്ത തുടർന്ന് എല്ലാ വാഹനങ്ങളെയും പുതിയ പാലത്തിലൂടെയാണ് കടത്തി വിടുന്നത്. ഇതോടെ പുതിയ പാലത്തിൽ അനിയന്ത്രിതമായ വാഹനത്തിരക്കാണ്.
പുതിയ പാലം ജംഗ്ഷനിൽ നിന്ന് ഇരിട്ടിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലാവുകയും ചെയ്തതോടെ ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പാലത്തിലേക്ക് കടക്കുന്നതാണ് ഗതാഗതകുരുക്കിന് ഇടയാക്കുന്നത്. ഇത് അപകട സാധ്യതയും വർധിപ്പിക്കുന്നുണ്ട്. സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കും വരെ ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പാലം മേഖലയിൽ വാഹനതിരക്ക് മൂലമുണ്ടാകുന്ന കുരുക്ക് പലപ്പോഴും നഗരത്തിലേക്ക് വ്യാപിക്കുന്നുണ്ട്.
ബ്രിട്ടീഷുകാർ നിർമിച്ച പഴയ ഇരുന്പ് പാലത്തിന് 90 വർഷം പഴമുണ്ട്. പുതിയ പാലം തുറന്നതോടെ പഴയപാലം പൈതൃകസ്മാരകമെന്ന നിലയിൽ നിലനിർത്തി പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപണി നടത്തിയിരുന്നു. ലോറിയിടിച്ച് തകർന് ഇരുന്പ് ബീം ശരിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ വെൽഡിംഗ് ഉൾപ്പടെയുള്ള പ്രവൃത്തികൾ വേണ്ടതുണ്ട്. മഴക്കാലവും സ്കൂൾ, കോളജ് അധ്യയന വർഷവും ആരംഭിച്ച സാഹചര്യത്തിൽ അറ്റകുറ്റപണി വേഗത്തിലാക്കിയിലെങ്കിൽ ഇതുവഴിയുള്ള യാത്ര അതീവ ക്ലേശകരമാകും