കണ്ണൂർ:സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസ് പാർട്ടിവിട്ടു. പാർട്ടിയംഗത്വം പുതുക്കാതെ സ്വയം ഒഴിയുകയായിരുന്നു.
2023 ഏപ്രിൽ 13-നുശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് യോഗങ്ങളിലോ പാർട്ടിപ്രവർത്തനത്തിലോ പങ്കെടുത്തിരുന്നില്ല. പാർട്ടിയംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം പലതവണ സമീപിച്ചെങ്കിലും തയ്യാറായില്ല. മനു തോമസിന്റെ ഒഴിവിലേക്ക് ആലക്കോട് ഏരിയ സെക്രട്ടറി സാജൻ ജോസഫിനെ ഉൾപ്പെടുത്താൻ കഴിഞ്ഞദിവസം ചേർന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അതോടെയാണ് പാർട്ടിയുമായി ബന്ധം വിടാനുള്ള മനുവിന്റെ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായത്.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ് എസ്.എഫ്.ഐ.യിലൂടെ പാർട്ടിയിലേക്ക് വന്ന മനു തോമസ്. സ്വർണക്കടത്ത് സംഘങ്ങളുമായി പാർട്ടിയിലെ യുവനിരയിലെ ചിലർക്ക് ബന്ധമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനു തോമസ് ഒരുവർഷം മുൻപ് സി.പി.എമ്മിന് കത്ത് നൽകിയിരുന്നു. അക്കാര്യം ഫലപ്രദമായി അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്നതാണ് മനുവിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. പാർട്ടി തിരുത്താത്തതിനാൽ പാർട്ടിബന്ധം ഉപേക്ഷിച്ച് സ്വയം തിരുത്തുകയാണെന്ന് മനു തോമസ് ‘മാതൃഭൂമി’യോട് പ്രതികരിച്ചു. പാർട്ടി ഭരണഘടനയനുസരിച്ച് അംഗത്വം പുതുക്കാത്തതിനെത്തുടർന്നുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കി.