കൊട്ടിയൂർ : ഇളന്നീരാട്ടത്തിനു ശേഷം അക്കരെ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം. വൻതോതിൽ ഭക്തർ എത്തിയതോടെ തിരുവഞ്ചിറ നിറഞ്ഞുകവിഞ്ഞു. ദർശനത്തിനും നീണ്ട ക്യൂവായിരുന്നു.വ്യാഴാഴ്ച അർധരാത്രി ആരംഭിച്ച ഇളന്നീരാട്ടം വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് പൂർത്തിയായത്. ഉഷകാമ്പ്രം സ്ഥാനികന്റെ കാർമികത്വത്തിലാണ് ഇളന്നീരാട്ടം നടത്തിയത്. വൈശാഖോത്സവത്തിലെ രേവതി ആരാധന ഞായറാഴ്ച നടക്കും. നാല് ആരാധനകളിൽ മൂന്നാമത്തേതാണ് രേവതി ആരാധന. ആരാധനാ ദിവസം ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയുണ്ടാകും. ആരാധനസദ്യ, പാലമൃതഭിഷേകം എന്നിവയും നടക്കും. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയാകും. സന്ധ്യക്കാണ് പാലമൃതഭിഷേകം നടത്തുന്നത്. കോട്ടയം കോവിലകത്തുനിന്ന് അഭിഷേകസാധനങ്ങൾ എത്തിക്കും. കോവിലകത്തുനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കളഭവും അഭിഷേകം ചെയ്യും. നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ആറിന് നടക്കും.