കണ്ണൂർ : കെഎസ്ഇബിയുടെ വൈദ്യുതി ബിൽ സംബന്ധിച്ചും അത് തയ്യാറാക്കുന്ന രീതിയെ കുറിച്ചും നിരവധിപ്പേർ സംശയം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് കെഎസ്ഇബി.
‘വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് കെഎസ്ഇബി അല്ല എന്നതാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. കെഎസ്ഇബിക്കോ സർക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനാവില്ല. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം.
വരവും ചെലവും വിശദമാക്കി റഗുലേറ്ററി കമ്മീഷനു മുമ്പാകെ കെഎസ്ഇബി നൽകുന്ന താരിഫ് പെറ്റീഷനിന്മേൽ വിവിധ ജില്ലകളിൽ വച്ച് പൊതുജനങ്ങളുടെയും വിവിധ ഉപഭോക്തൃ സംഘടനകളുടെയും അഭിപ്രായം കൂടി ആരാഞ്ഞ ശേഷം വിശദമായ പരിശോധനകൾ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത്.
ഫിക്സഡ് ചാർജ്, എനർജി ചാർജ്, ഫ്യുവൽ സർചാർജ്, മീറ്റർ റെൻ്റ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങി പല ഘടകങ്ങൾ ചേർത്താണ് വൈദ്യുതി ബിൽ തയ്യാറാക്കുന്നത്. ഇതോരോന്നും നമുക്ക് ലഭിക്കുന്ന ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി വിതരണ കമ്പനികൾ ഇത്തരത്തിൽ വിവിധ ഘടകങ്ങൾ ചേർത്തുള്ള വൈദ്യുതി ബിൽ തയ്യാറാക്കുന്നത്’- കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.