കണ്ണൂർ : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെയും അവസാനത്തെയും ആയ അലോട്ട്മെന്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും. നിലവില്‍ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ കഴിഞ്ഞ വ്യാഴാഴ്ച പൂർത്തിയായിരുന്നു.
ജൂണ്‍ 19ന് പ്രസിദ്ധീകരിക്കുന്ന മൂന്നാം അലോട്ട്മെന്റ് മുഖ്യ ഘട്ടത്തിലെ അവസാനത്തെ അലോട്ട്മെന്റ് ആണ്.
ജൂണ്‍ 19 ന് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചാല്‍ 19, 20 തീയതികളിലായി പ്രവേശനം ലഭിച്ച സ്കൂളുകളില്‍ വിദ്യാർഥികള്‍ക്ക് ചേരാൻ സാധിക്കും. ജൂണ്‍ 24നാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് കൂടാതെ സ്പോർട്സ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ അന്തിമ അലോട്ട്മെന്റും ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും. ആകെ 70,100 സീറ്റുകളാണ് മെറിറ്റ് ക്വാട്ടയില്‍ മിച്ചം ഉള്ളത്. ഇവയിലും അലോട്ട്മെന്റ് ലഭിച്ചിട്ടും സ്കൂളില്‍ ചേരാത്തതിനാല്‍ ഒഴിവ് വരുന്ന സീറ്റുകളിലും ചേർത്താണ് ജൂണ്‍ 19ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.
പട്ടികവർഗ്ഗ സംവരണ വിഭാഗത്തില്‍ മാത്രം 26,873 ഒഴിവുകളാണ് രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോള്‍ നിലവിലുള്ളത്. 15,696 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിലും ഒഴിവുണ്ട്. മൂന്നാം അലോട്ട്മെന്റിലാണ് ഒഴിവുള്ള സീറ്റുകള്‍ മറ്റ് സംവരണ പൊതുവിഭാഗങ്ങളിലേക്കായി കൈമാറുക. ആയതുകൊണ്ട് തന്നെ ജൂണ്‍ 19ന് പ്രസിദ്ധീകരിക്കുന്ന അലോട്ട്മെന്റ് കൂടുതല്‍ പേർക്ക് സീറ്റ് ലഭിക്കാൻ സാധ്യതയുണ്ട്.