കണ്ണൂർ: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
കണ്ണൂർ ഫയർ ഫോഴ്സിന് സന്ധ്യമുതല്‍ ഓട്ടത്തോട് ഓട്ടമായിരിരുന്നു. കണ്ണൂർ നായനാർ അക്കാഡമിക്ക് സമീപം കാറിനുമുകളില്‍ മരം വീണു. കാർ ഭാഗികമായി തകർന്നു. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി.
കാറ്റിലും മഴയിലും കൂറ്റൻമരത്തിന്‍റെ കൊമ്ബ് വീണ് കണ്ണൂർ കൊയ്‌ലി ആശുപത്രിക്ക് സമീപം കാടൻപീടിക റോഡിലെ കെ.കെ. ഗൗതമിന്‍റെ വീടിന്‍റെ മുകളിലെ നിലയിലെ കൈവരിയും വീട്ടുമതിലും ഭാഗികമായി തകർന്നു. ഗതാഗത തടസവും അനുഭവപ്പെട്ടു.
ചെട്ടിപ്പീടികയില്‍ കാർ നിയന്ത്രണം തെറ്റി ഡിവൈഡറിലേക്ക് കയറി അപകടം ഉണ്ടായി. മെഡ്സിറ്റിയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി 11നാണ് അപകടം. തളിപ്പറമ്ബ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പള്ളിക്കുന്ന് ജയ് ജവാൻ റോഡില്‍ മരം വീണ് വൈദ്യുതി തകരാറിലാകുകയും ഗതാഗതം തടസപെടുകയും ചെയ്തു. വീട്ടുമുറ്റത്ത് നിന്ന മാവിന്‍റെ ശിഖരം അടർന്ന് വീണതാണ്.
രാഷ്‌ട്രദീപിക റോഡില്‍ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി. പനങ്കാവ് അമൃതാനന്ദമയി മഠത്തിനു സമീപം മരം വീണ് ലൈൻ പൊട്ടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. അത്താഴക്കുന്ന് ഭാഗത്ത് തെങ്ങ് വീണ് പ്രധാന ലൈൻ പൊട്ടി വൈദ്യുതി ബന്ധം തകരാറിലാകുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.