കണ്ണൂർ : വലിയൊരു ഇടവേളയ്ക്ക് ശേഷം സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയും വീണ്ടും കേരളതീരം വിടുന്നു. അസഹ്യമായ ചൂടിനെ തുടർന്നാണ് ഇവ ഗുജറാത്ത്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളോട് ചേർന്ന കടലിലേക്ക് അനുകൂല താപനില തേടി പറ്റമായി നീങ്ങിയത്.
സമുദ്രത്തിലെ താപനില വൻതോതില്‍ വർദ്ധിച്ചതോടെ വെറുംകൈയോടെ മടങ്ങേണ്ടിവരുന്ന സ്ഥിതിയിലാണ് മത്സ്യതൊഴിലാളികള്‍.
കേരളത്തില്‍ പൊതുവെ മത്സ്യസമ്പത്ത് കുറയുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. എന്നാല്‍ ഇത്തവണ അത് ക്രമാതീതമായെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സമുദ്ര നിരപ്പിലെ താപനില വർദ്ധിച്ചതാണ് ഇതിനു പ്രധാന കാരണം.
മത്തി, അയല തുടങ്ങിയ മത്സ്യങ്ങളെയാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പലയിടങ്ങളിലായി പെയ്ത മഴ നേരിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും പിന്നീട് വീണ്ടും കുതിച്ചുയരുന്ന ചൂട് മേകലയ്ക്ക് ആശങ്ക നല്‍കുകയാണ്.
കഴിഞ്ഞ മൂന്ന് മാസമായി മീൻ കിട്ടാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് തീരദേശം. ഫെബ്രുവരി മുതലാണ് മീനിന്റെ ലഭ്യത കുറഞ്ഞ് തുടങ്ങിയത്. ഇതാദ്യമായാണ് ഈവിധത്തില്‍ ഒരു ദുരിത കാലമെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. ഇത്രമേല്‍ ചൂട് മുമ്പൊരിക്കലും കടലില്‍ ഉണ്ടായിട്ടില്ലെന്നും ഇവർ പറഞ്ഞു. കടലില്‍ പോയാല്‍ ചിലവിന് പോലും തികയാത്ത അവസ്ഥയാണ്. അസഹനീയ ചൂട് വകവെയ്ക്കാതെ വല വീശീയാലും കാര്യമായി ഒന്നും കുടുങ്ങുന്നുമില്ല. വെള്ളത്തിന് ചൂട് കൂടുന്നതു കാരണം മത്സ്യകൂട്ടങ്ങളെല്ലാം മറ്റിടങ്ങളിലേക്ക് നീങ്ങുകയാണ്. താപനിലയിലുള്ള വ്യതിയാനം കടലിന്റെ അടിയൊഴുക്കിനെ ബാധിക്കുന്നുവെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു.