Zygo-Ad

നാലു വർഷത്തിനിടെ കടിയേറ്റത് പത്തുലക്ഷം പേർക്ക്; സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു.

കണ്ണൂർ : സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. പുലർച്ചെ നടക്കാനിറങ്ങുന്നവരേയും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നടപ്പാത എന്നിവിടങ്ങളിൽ എത്തുന്നവരേയും തെരുവുനായകൾ കൂട്ടത്തോടെയാണ് ആക്രമിക്കാനെത്തുന്നത്. ബൈക്കിന് കുറുകെ ചാടി അപകടമുണ്ടാക്കുന്നതും നിത്യസംഭവമായിക്കഴിഞ്ഞു. മുതിർന്നവരും കുട്ടികളും ഒരു പോലെയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുഖത്തും ഇതിനോടകം കടിയേറ്റിട്ടുണ്ട്.

തെരുവുനായകളുടെ വന്ധ്യംകരണം പദ്ധതിയായ എ.ബി.സി സംസ്ഥാനത്ത് ഫലപ്രദമായി നടക്കാത്തതാണ് തെരുവുനായ ശല്യം രൂക്ഷമാകാൻ കാരണം. കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്ത് 10,03,215 പേർക്കാണ് തെരുവുനായകളുടെ കടിയേറ്റത്. 2020 ജനുവരി മുതൽ 2024 ജനുവരി വരെയുള്ള കാലയളവിലാണ് ഇത്രയും പേർ നായകളുടെ കടിയേറ്റ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഓരോ വർഷം കഴിയുന്തോറും കടിയേൽക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2020ൽ സംസ്ഥാനത്ത് 1,60,483പേർ കടിയേറ്റ് ചികിത്സ തേടിയെങ്കിൽ 2021ൽ 2,21,379 പേരും 2022 2,88,866 ~ 2023 3,06,427 പേരും ചികിത്സ തേടിയതായാണ്.

ഈ വർഷം ജനുവരിയിൽ മാത്രം 2,6,060 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ നാലുവർഷത്തിനിടെ 47 പേർ പേവിഷബാധയേറ്റ് മരിച്ചിട്ടുണ്ടെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിൽ അധികൃതർ വ്യക്തമാക്കി. കൂടാതെ 22പേരുടെ മരണ കാരണം പേവിഷബാധയാകാമെന്നും അധികൃതർ സംശയിക്കുന്നുണ്ട്. 2022ൽ തിരുവനന്തപുരത്ത് അഞ്ചും 2023ൽ കൊല്ലത്ത് ഏഴും പേർപേ വിഷബാധയേറ്റ് മരിച്ചപ്പോൾ ആലപ്പുഴയിൽ 2023ൽ അഞ്ച് പേർ മരിച്ചത് പേവിഷബാധയേറ്റ് ആകാമെന്നും സംശയിക്കുന്നുണ്ട്. തിരുവനന്തപുരത്താണ് ഈ വർഷവും ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റിരിക്കുന്നത്. ജനുവരിയിൽ മാത്രം 3646 പേർക്കാണ് കടിയേറ്റത്.

Previous Post Next Post