പയ്യന്നൂർ : ഏഴിമല നാവിക അക്കാഡമി പരിസരത്ത് നടന്ന ഉഗ്രസ്ഫോടനത്തില്‍ എട്ടിക്കുളത്ത് ഇരുപതോളം വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടു.
സ്ഫോടനം സംബന്ധിച്ച വിവരം പുറത്തുവിടാൻ നാവിക അക്കാഡമി അധികൃതർ തയ്യാറായിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് നാലരക്കും അഞ്ചിനുമിടയിലാണ് സ്ഫോടനശബ്ദം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
വീടുകളുടെ ജനല്‍ പാളികളും വാതിലുകളും തകർന്നു. ഭൂചലന സമാനമായ പ്രകമ്ബനമാണ് സ്ഫോടന ശബ്ദത്തോടൊപ്പം ഉണ്ടായത്. എട്ടിക്കുളം പടിഞ്ഞാറ് വീടുകളുടെ ചുവരുകളില്‍ വിള്ളല്‍ വീഴുകയും ഗ്ലാസുകള്‍ തകരുകയും ചെയ്തു. ചില വീടുകളുടെ ഉള്‍വശത്തെ മുറികളുടെ വാതിലുകളും തകർന്നു. ഫൈബർ വാതില്‍ പാളികള്‍ പൊട്ടുകയും ചിലത് പൂർണമായും അടർന്നു വീഴുകയും ചെയ്തിട്ടുണ്ട്. ചില വീടുകളുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ തേപ്പും ഇളകി വീണു. മതിലുകള്‍ക്കും വിള്ളലുണ്ടായിട്ടുണ്ട്.
സി.സി. അലീമ, ബാപ്പിൻറകത്ത് റഷീദ, പി. കുഞ്ഞലീമ, ഒ.പി. അബ്ദുള്‍ റഹ്മാൻ, ബി. സെയ്ഫുന്നീസ, അമീറ, കെ.വി. മുസ്തഫ, കെ. മഹമ്മൂദ്, പി. നബീസ, എ. മുസ്തഫ, എം. പി. കാസിം, എം.ടി.പി. അഷറഫ്, എൻ.പി. ഫാത്തിബി,എ.കെ. ഹക്കിം, നാലുപുരപ്പാട്ടില്‍ നസീറ തുടങ്ങിയവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ നാവിക അക്കാദമി പരിസരത്തു നിന്നും ചെറു സ്ഫോടന ശബ്ദങ്ങള്‍ കേട്ടു തുടങ്ങിയതായി പരിസരവാസികള്‍ പറയുന്നു. എന്നാല്‍ വൈകിട്ടുണ്ടായ സ്ഫോടന ശബ്ദമാണ് എട്ടിക്കുളം പടിഞ്ഞാറ് ഭാഗത്തെയാകെ നടുക്കിയത്.
കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ ടി. ഐ. മധുസൂദനൻ എം.എല്‍.എ സന്ദർശിച്ചു