പഴയങ്ങാടി: പഴയങ്ങാടിയിൽനിന്ന് രാത്രി ഏഴിനു ശേഷം കണ്ണൂരിലേക്ക് സ്വകാര്യ ബസുകളോ കെ.എസ്.ആർ.ടി.സിയോ സർവിസ് നടത്താത്തതിനാൽ നൂറുകണക്കിന് യാത്രക്കാർ ദുരിതമനുഭവിക്കുന്നു. രാത്രി 9.15ന് മാട്ടൂലിൽനിന്ന് സ്വകാര്യ ബസും 9.20ന് പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്ക് കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയ റൂട്ടാണിത്. മുട്ടത്തുനിന്നും മാട്ടൂലിൽനിന്നുമായി 8.45ന് ശേഷം സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ സർവിസുകൾ നിർത്തലാക്കിയിട്ട് രണ്ട് പതിറ്റാണ്ടായി.
സ്വകാര്യ ബസുകൾ രാത്രികാല സർവിസ് ഓരോന്നായി നിർത്തലാക്കിയതോടെ പഴയങ്ങാടിയിൽനിന്ന് കണ്ണൂരിലേക്കുള്ള അവസാന ട്രിപ് രാത്രി ഏഴിന് ആവുകയായിരുന്നു. രാത്രികാല ബസ് സർവിസുകളില്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. പഴയങ്ങാടിയിൽനിന്ന് ജോലി കഴിഞ്ഞ് തിരിച്ചുപോകുന്ന ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, വളപട്ടണം മേഖലയിലുള്ള നിർമാണ തൊഴിലാളികൾ യാത്രക്കായി ബസിനെ ആശ്രയിക്കാൻ കഴിയാതെ പ്രയാസപ്പെടുന്നു. ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ജില്ല ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് കൂട്ടിരിപ്പിനായി എത്തേണ്ടവരെല്ലാം പ്രയാസത്തിലാണ്. ഏഴു മണി കഴിഞ്ഞ് കണ്ണൂരിലെത്തേണ്ടവർ ഭീമമായ തുക നൽകി ടാക്സി കാറുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്.