Zygo-Ad

കേരളത്തിൽ 13,000-ത്തോളം പൊതുവിദ്യാലയങ്ങളിലായി 45 ലക്ഷം കുട്ടികൾക്ക് സൗജന്യപുസ്തകങ്ങൾ എത്തിക്കുന്നു: മുഖ്യമന്ത്രി.

കണ്ണൂർ : പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചു. 2007നു ശേഷം സമഗ്രമായ ഒരു പാഠ്യപദ്ധതി പരിഷ്ക്കരണം നടപ്പാക്കുന്നത് ഇപ്പോഴാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചുകൊണ്ട് ജനാധിപത്യപരമായ നടപടികളിലൂടെയാണ് പാഠ്യപദ്ധതി പരിഷ്ക്കരണം നടപ്പാക്കിയത്.

ലോകത്ത് തന്നെ ആദ്യമായി ക്ലാസ്മുറികളിൽ വിദ്യാര്‍ത്ഥികളും പാഠ്യപദ്ധതി പരിഷ്ക്കരണ ചര്‍ച്ചകളിൽ പങ്കെടുത്തു. കൈത്തറി യൂണിഫോമുകളുടെ വിതരണോദ്ഘാടനവും ഇന്നു നടന്നു. 13,000-ത്തോളം പൊതുവിദ്യാലയങ്ങളിലായി ഏകദേശം 45 ലക്ഷം കുട്ടികളാണ് കേരളത്തിലുള്ളത്. അവരിലേയ്ക്ക് സൗജന്യമായി കൃത്യസമയത്ത് പുസ്തകങ്ങളും മറ്റു സൗകര്യങ്ങളും എത്തിക്കാൻ സാധിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയ മാറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാഠപുസ്തകങ്ങൾക്കും പഠനസൗകര്യങ്ങൾക്കുമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ബുദ്ധിമുട്ട് നേരിട്ടിരുന്ന ആ കാലം വിസ്മൃതിയിലായിക്കഴിഞ്ഞു. ഇന്ന് ജനങ്ങൾക്ക് പൊതുവിദ്യാലയങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാൻ നമുക്ക് സാധിച്ചു.കഴിഞ്ഞ 8 വർഷത്തിനിടയിൽ 45,000 ത്തോളം ക്ലാസ്മുറികളാണ് ഹൈടെക്കായി മാറിയത്. 973 സ്കൂള്‍ കെട്ടിടങ്ങളാണ് കിഫ്ബി മുഖേന മാത്രം നവീകരിച്ചത്. ഒന്നര ലക്ഷത്തോളം ലാപ്ടോപ്പുകളും 70,000 ത്തോളം പ്രൊജക്ടറുകളും 2000 ത്തോളം റോബോട്ടിക് കിറ്റുകളും സ്കൂളുകളിൽ ലഭ്യമാക്കി.

സര്‍ക്കാര്‍ സ്കൂളുകള്‍ക്കു പുറമെ എയ്ഡഡ് സ്കൂളുകള്‍ക്ക് പ്രത്യേക ചലഞ്ച് ഫണ്ട് നൽകി. ഈ വിധം പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഏവർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് നമുക്ക് കൈവരിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post