Zygo-Ad

ആറു മാസം കൊണ്ട് അനക്കമില്ലാതായി ; കെ ഫോണ്‍ കോമയില്‍ ; സൗജന്യ കണക്ഷന്റെ മൂന്നിലൊന്ന് പോലും പൂര്‍ത്തിയാക്കാനായില്ല.

തിരുവനന്തപുരം: ആറുമാസം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കെ-ഫോണ്‍ പദ്ധതി തുടങ്ങിയേടത്തുതന്നെ നിന്ന് കിതയ്ക്കുന്നു. പദ്ധതിപ്രകാരം സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതില്‍ കാര്യമായ പുരോഗതിയില്ലെന്ന ആരോപണം സര്‍ക്കാരും ശരിവയ്ക്കുന്നു.
സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുമെന്നു പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളുടെ മൂന്നിലൊന്ന് പോലും പൂര്‍ത്തിയാക്കാനായില്ല. സൗജന്യ കണക്ഷനായി ആദ്യഘട്ടത്തില്‍ 14,000 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു.
ഉദ്ഘാടനവേളയില്‍ 2105 വീടുകളില്‍ കണക്ഷനെത്തിച്ചു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും സൗജന്യ കണക്ഷന്‍ 3715 വീടുകളില്‍ ഒതുങ്ങിനില്‍ക്കുന്നു. 17,412 ഓഫീസുകളില്‍ ആദ്യഘട്ടം കണക്ഷനെത്തിച്ചത് നിലവില്‍ 18,063 എന്ന സംഖ്യയ്ക്കപ്പുറം കടന്നിട്ടില്ല.
ദൈനംദിനച്ചെലവുകളും കിഫ്ബി വായ്പയുടെ തിരിച്ചടവും ഉള്‍പ്പെടെ വന്‍സാമ്പത്തികപ്രതിസന്ധിയാണു കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് എന്ന കെ-ഫോണ്‍ കമ്പനി നേരിടുന്നത്. 20 ലക്ഷം പേര്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനെന്ന പ്രഖ്യാപനം രാജ്യശ്രദ്ധയാകര്‍ഷിച്ചെങ്കിലും പദ്ധതി അവതാളത്തിലാകാനുള്ള സാധ്യത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടുപോയതു സര്‍ക്കാരിനു തിരിച്ചടിയായി. 1168 കോടി രൂപയാണു പദ്ധതിച്ചെലവ്. ഇതില്‍ 70% കിഫ്ബി വായ്പയാണ്. ഇത് പലിശസഹിതം തിരിച്ചടയ്ക്കാന്‍ പ്രതിവര്‍ഷം 100 കോടി രൂപ വേണം. വൈദ്യുതിയടക്കം വാടകയിനത്തില്‍ പ്രതിമാസം 30 കോടിയുടെ ബാധ്യതയുമുണ്ട്.

Previous Post Next Post