Zygo-Ad

ഒരു ഗസ്റ്റും വന്നില്ല, ഒരാൾ പോലും...'; ക്രിസ്മസ് ട്രീ ഇല്ല, സന്തോഷമില്ല, ബെത്‍ലഹേം വിജനം.

വെസ്റ്റ് ബാങ്ക്: ആളും ആരവവും നിറഞ്ഞ, ക്രിസ്മസ് കാലത്ത് അണിഞ്ഞൊരുങ്ങാറുള്ള ബെത്‍ലഹേമിലെ തെരുവുകള്‍ ഇന്ന് വിജനമാണ്. ഇസ്രയേല്‍ – ഹമാസ് യുദ്ധം കാരണം തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇവിടെ വരാന്‍ ഭയമാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് യേശു ക്രിസ്തു ജനിച്ച ബെത്‍ലഹേം. ഒക്ടോബര്‍ 7ന് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് യുദ്ധത്തോടെയാണ് ബെത്‍ലഹേം തെരുവുകള്‍ വിജനമായത്. ‘ഗസ്റ്റുകളൊന്നും വന്നില്ല, ഒരാള്‍ പോലും’ എന്നാണ് അലക്സാണ്ടർ ഹോട്ടൽ ഉടമ ജോയി കനവതി പറഞ്ഞത്- “ഇത് എക്കാലത്തെയും മോശം ക്രിസ്മസ് ആണ്. ക്രിസ്മസിന് ബെത്‍ലഹേം അടച്ചുപൂട്ടിയിരിക്കുന്നു. ക്രിസ്മസ് ട്രീ ഇല്ല, സന്തോഷമില്ല, ക്രിസ്മസ് സ്പിരിറ്റില്ല”- ജോയി പറഞ്ഞു.
ഒക്‌ടോബർ 7ന് മുമ്പുതന്നെ ഹോട്ടലിലെ ക്രിസ്മസ് ബുക്കിംഗ് പൂര്‍ത്തിയായിരുന്നുവെന്ന് ജോയി പറഞ്ഞു. അതിനാല്‍ മറ്റ് ഹോട്ടലുകളുടെ വിവരങ്ങള്‍ നല്‍കി താന്‍ സഞ്ചാരികളെ സഹായിച്ചിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ അടുത്ത വർഷത്തേക്കുള്ള ബുക്കിംഗുകൾ ഉൾപ്പെടെ എല്ലാവരും റദ്ദാക്കി. ഇപ്പോള്‍ ലഭിക്കുന്ന ഇമെയിലുകള്‍ മുഴുവന്‍ കാന്‍സല്‍ ചെയ്യാന്‍ മാത്രമാണെന്നും ജോയി പറഞ്ഞു.
“രാത്രി അത്താഴം കഴിക്കാന്‍ 120 പേരെങ്കിലും വരുമായിരുന്നു. ആള്‍ക്കൂട്ടം, ബഹളം… എന്നാല്‍ ഇന്ന് ശൂന്യത മാത്രം. ക്രിസ്മസ് പ്രഭാത ഭക്ഷണമില്ല, അത്താഴമില്ല, ബുഫെയില്ല”- ജോയി പറഞ്ഞു.
ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇസ്രയേല്‍ – ഹമാസ് യുദ്ധം സംബന്ധിച്ച വേദന പങ്കുവെച്ചിരുന്നു. യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ 6500ഓളം വിശ്വാസികൾ പങ്കെടുത്ത സായാഹ്ന കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങൾ ബെത്‌ലഹേമിലാണ്. അവിടെ യുദ്ധത്തിന്റെ വ്യർത്ഥമായ യുക്തിയാൽ, ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽ കൂടി തിരസ്കരിക്കപ്പെട്ടിരിക്കുന്നു”- മാര്‍പ്പാപ്പ പറഞ്ഞു.
പോപ്പ് പദവിയിൽ ഫ്രാൻസിസ് പാപ്പയുടെ പതിനൊന്നാം സന്ദേശമായിരുന്നു ഇത്തവണത്തേത്. ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുദ്ധത്തിന്‍റെ വ്യര്‍ത്ഥ യുക്തിയെ കുറിപ്പ് പോപ്പ് സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സംഭവ വികാസങ്ങള്‍ കാരണം ബേത്‍ലഹേം ദുഃഖത്തോടെയാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് പലസ്തീന്‍ ടൂറിസം മന്ത്രി റുല മയ്യ പറഞ്ഞു.

Previous Post Next Post