Zygo-Ad

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മട്ടന്നൂർ സ്വദേശിക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും


കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. മട്ടന്നൂർ എടയന്നൂർ കൊളോളത്തെ താമരവളപ്പിൽ പ്രകാശനെയാണ് (51) മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചത്.

2024 ഏപ്രിൽ 19-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാൾ-ബർമ്മ അതിർത്തിയിൽനിന്ന് ജോലി തേടി കണ്ണൂരിലെത്തിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിച്ചു. ബഹളം കേട്ട് റെയിൽവേ ക്ലീനിംഗ് സ്റ്റാഫ് ഓടിയെത്തിയതോടെ പ്രകാശൻ ഓടി രക്ഷപ്പെടുകയായിരുന്നു.

അന്നത്തെ റെയിൽവേ എസ്.ഐ.യായിരുന്ന ഇപ്പോഴത്തെ വളപട്ടണം സി.ഐ. പി. വിജേഷാണ് കേസ് അന്വേഷിച്ചത്. മിശ്രവിവാഹിതരായതിനാൽ നാട്ടിൽ നിൽക്കാൻ കഴിയാതെ കണ്ണൂരിലെത്തിയതായിരുന്നു കുടുംബം. എന്നാൽ, സംഭവത്തിന് പിന്നാലെ ഭയന്നുപോയ ഇവർ സ്വദേശത്തേക്ക് മടങ്ങിയിരുന്നു.

വിചാരണ നടപടികൾക്കായി കണ്ണൂരിലേക്ക് വരാൻ കുടുംബം ആദ്യം വിസമ്മതിച്ചെങ്കിലും പോലീസ് ഇവരുടെ ജന്മനാട്ടിലെത്തി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ശേഖരിക്കുകയും മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു. തുടർന്ന് പോലീസ് തന്നെ കുടുംബത്തിന് കണ്ണൂരിൽ താമസിക്കാൻ സൗകര്യമൊരുക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. ഇതിന് കോടതിയെക്കൊണ്ട് പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു.

 

Previous Post Next Post