മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാർച്ച് അവസാനത്തോടെ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂളിൽ സർവീസുകളിൽ വൻ വർധന. 12 അന്താരാഷ്ട്ര സെക്ടറുകളിലേക്കും 9 ആഭ്യന്തര സെക്ടറുകളിലേക്കുമായി ശൈത്യകാല ഷെഡ്യൂളിനേക്കാൾ 30 ശതമാനം സർവീസുകളാണ് ഇത്തവണ വർധിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ശൈത്യകാലത്ത് പിൻവലിച്ച എല്ലാ റൂട്ടുകളിലും സർവീസുകൾ പുനരാരംഭിക്കും. കുവൈത്ത്, ബഹ്റൈൻ, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകളും റിയാദ്, ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും ഉണ്ടാകും. ഇതോടെ ആഴ്ചയിലെ അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം 34-ൽ നിന്ന് 50 ആയി ഉയരും. ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസുകൾ നടത്തും.
ഇൻഡിഗോ അബുദാബി, ഫുജൈറ, ദമ്മാം, ദോഹ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. കുവൈത്തിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നതിനൊപ്പം ആഭ്യന്തര സെക്ടറിൽ നവി മുംബൈയിലേക്ക് പുതിയ സർവീസും ആരംഭിക്കും. കൂടാതെ തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ ഉണ്ടാകും.
ബംഗളൂരു, ഡൽഹി വഴി ശ്രീനഗർ, കൊൽക്കത്ത, പൂണെ, ഗോവ തുടങ്ങി വിവിധ നഗരങ്ങളിലേക്ക് കണക്ഷൻ സർവീസുകളും ലഭ്യമാണ്. ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യവും വ്യോമപാത നിയന്ത്രണങ്ങളും കണക്കിലെടുത്തായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ക്രമീകരിക്കുകയെന്ന് കിയാൽ (KIAL) അധികൃതർ അറിയിച്ചു.
