Zygo-Ad

പയ്യന്നൂരിൽ ബി.ജെ.പി. നേതാവിന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

 


പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ ബി.ജെ.പി. നേതാവിന്റെ വീടിന്റെ വരാന്തയിൽ റീത്ത് വെച്ച് ഭീഷണി. ബി.ജെ.പി. പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി ഒ.വി. വിജേഷിന്റെ പുഞ്ചക്കാട്ടുള്ള വീട്ടിലാണ് ഇന്നലെ രാത്രിയോടെ റീത്ത് വെച്ചത്.

ഇന്ന് രാവിലെ വീട്ടുകാർ മുൻവശത്തെ വാതിൽ തുറന്നപ്പോഴാണ് റീത്ത് കണ്ടത്. ഉടൻ തന്നെ ബി.ജെ.പി. നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരം അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലെ 5, 14, 23, 24 എന്നീ നാല് വാർഡുകളിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിൽ പ്രകോപിതരായ രാഷ്ട്രീയ എതിരാളികളാകാം റീത്ത് വെച്ചതെന്നാണ് ബി.ജെ.പി. നേതാക്കൾ ആരോപിക്കുന്നത്.

വിവരമറിഞ്ഞ് ബി.ജെ.പി. നേതാക്കളായ പനക്കീൽ ബാലകൃഷ്ണൻ, രവീന്ദ്രൻ ചിറ്റടി, ടി.പി. കൃഷ്ണൻ, കെ. ബിജു, കെ.വി. അനിൽകുമാർ, കെ. വിനോദ്, സുജിത് കുമാർ, അഭിലാഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Previous Post Next Post