കണ്ണൂര്‍: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട പണം അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നല്‍കി കണ്ണൂർ റൂറലിലെ പോലീസുകാരൻ.
പരിയാരം ഹൃദയാലയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിനെ കാണാനെത്തി ഹോസ്പിറ്റല്‍ ബില്ലിനായി കൊണ്ടു വന്ന 25000 രൂപയാണ് കണിച്ചാർ സ്വദേശിയായ കെ.എസ് സജിയുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ടത്. കുറേ നേരത്തെ തെരച്ചില് ശേഷം പണം നഷ്ടപ്പെട്ട വിവരം കണ്ണൂർ മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചു.
തുടർന്ന് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവില്‍ പോലീസ് ഓഫീസർ പി.ആർ ഷിജു ആശുപത്രി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പണമടങ്ങിയ കവർ വീണു കിട്ടിയ യുവാവിനെ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് യുവാവിന്റെ പേരു വിവരങ്ങളും മറ്റും അന്വേഷിച്ചു കണ്ടെത്തി തന്ത്രപരമായി യുവാവിനെ വിളിച്ചു വരുത്തുകയും യുവാവില്‍ നിന്ന് തുക വാങ്ങി സജിയുടെ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.
സംയോജിതമായി ഇടപെട്ട് പണം കണ്ടെത്തി തിരികെ നല്‍കിയ പി.ആർ ഷിജുവിനെ പോലീസ് ഉദ്യോഗസ്ഥരും കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് അധികൃതരും അനുമോദിച്ചു.
