കണ്ടക്കൈ: തെരുവുനായ ശല്യത്തിനെതിരായ നാടകാവതരണത്തിനിടെ കലാകാരന് നായയുടെ ആക്രമണം. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാലയിൽ ഞായറാഴ്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടകം അവതരിപ്പിക്കുമ്പോഴാണ് സംഭവം.
നാടകത്തിനിടെ മൈക്കിലൂടെ നായ കുരയ്ക്കുന്ന ശബ്ദം പുറത്തുവിട്ടതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കൾ വേദിയിലേക്ക് കയറി. ഇതോടെയാണ് കലാകാരനായ കണ്ടക്കൈ സ്വദേശിയും നാടകപ്രവർത്തകനുമായ പി. രാധാകൃഷ്ണനെ നായ കടിച്ചത്.
നാടകത്തിന്റെ ഭാഗമാണെന്ന് കരുതിയാണ് കാണികൾ ആദ്യം പ്രതികരിക്കാതിരുന്നത്. പിന്നീട് കലാകാരന് പരിക്കേറ്റതറിഞ്ഞപ്പോൾ നാട്ടുകാർ ഇടപെട്ട് സഹായിച്ചു.
