Zygo-Ad

4.43 കോടിയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്:പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

 


തലശ്ശേരി : ഓൺലൈൻ ഓഹരി വിൽപ്പനയിലൂടെ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് ഡോക്ടറിൽനിന്ന് 4.43 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വെള്ളിയാഴ്ച വിധി പറയും

എറണാകുളം അറക്കപ്പടിയിലെ റിയാസ് (41), തമിഴ്‌നാട് കാഞ്ചിപുരത്തെ മഹബുബാഷ ഫാറൂഖ് (39) എന്നിവരാണ് പ്രതികൾ. ഇരുവരെയും ഓഗസ്റ്റ് ഒൻപതിന് ചെന്നൈയിൽനിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. അപ് സ്റ്റോക്ക് കമ്പനിയുടെ വെൽത്ത് പ്രൊഫിറ്റ് പ്ലാൻ സ്‌കീമിലൂടെ വൻതുക ലാഭം വാഗ്ദാനം നൽകിയാണ് തട്ടിപ്പ്.2025 ഏപ്രിൽ 17 മുതൽ ജൂൺ 12 വരെയാണ് തുക നിക്ഷേപിച്ചത്. നിക്ഷേത്തിന് 600 മുതൽ 800 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തത്.മൂന്നാംപ്രതി സൈനുൽ ആബിദിന്റെ നിർദേശപ്രകാരം അറസ്റ്റിലായ രണ്ടു പ്രതികൾ സെന്തിൽകുമാർ എന്നയാളിന്റെ പേരിൽ അക്കൗണ്ട് എടുപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.ജൂൺ 11, 12 തീയതികളിൽ 40 ലക്ഷം രൂപ സെന്തിൽകുമാറിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. അന്നുതന്നെ തുക പിൻവലിച്ചു. ഇത്തരത്തിൽ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണമാണ് നഷ്ടമായത്.

തലശ്ശേരി ഡോക്ടേഴ്സ് കോ-ഓപ്. സൊസൈറ്റിയുടെ അക്കൗണ്ടിൽനിന്ന് വിവിധ കാലയളവിൽ ഒന്നരക്കോടിയോളം രൂപ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. 4.43 കോടി രൂപയുടെ തട്ടിപ്പിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായത്.മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ എതിർത്തു. മട്ടന്നൂർ ചാവശ്ശേരിയിലെ ഡോക്ടർ ഗോപിനാഥിന്റെ പരാതിയിലാണ് കേസ്.സർക്കാർ സർവീസിൽനിന്ന് വിരമിച്ചശേഷം ലഭിച്ച തുകയും ഭാര്യയുടെ സ്വർണം പണയംവെച്ചും ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടം വാങ്ങിയുമാണ് തുക നിക്ഷേപിച്ചതെന്നാണ് പരാതി

Previous Post Next Post