കണ്ണൂർ: കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് പോലീസിന്റെ സാന്നിധ്യത്തില്‍ മദ്യം കഴിക്കാൻ അവസരമൊരുക്കി. പ്രതികൾ മദ്യപിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ.
എആർ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ സെൻട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടു പോയപ്പോഴാണ് സംഭവം.
കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലില്‍ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.
ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോള്‍ സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സമയം പ്രതികളുടെ സുഹൃത്തുക്കള്‍ ഹോട്ടലിലെത്തി അവിടെ വച്ച് മദ്യം കഴിക്കുകയായിരുന്നു.
പോലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യം കഴിക്കുകയും ചെയ്തു. സംഭവം പുറത്ത് വന്നതോടെയാണ് അന്വേഷണം നടത്തി പോലീസുകാർക്കെതിരെ നടപടിയെടുത്തത്.
നേരത്തേ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ 21 മുതല്‍ കൊടി സുനി പരോളിലാണ്. ഏഴിന് സെൻട്രല്‍ ജയിലില്‍ തിരിച്ചെത്തണം.