Zygo-Ad

കണ്ണൂര്‍ അലവിലില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ഭാര്യയെ തലയ്ക്കടിച്ചു കൊന്ന് പ്രേമരാജൻ ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം


കണ്ണൂർ: കണ്ണൂർ അലവിലില്‍ ദമ്പതികളുടെ ശരീരം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

അലവില്‍ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ഡ്രൈവർ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ബഹ്റൈനിലായിരുന്ന മകൻ ഷിബിൻ പ്രേമരാജ് കുടുംബ സമേതം നാട്ടിലെത്തുന്ന ദിവസം തന്നെയാണ് വയോധിക ദമ്പതിമാരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷിബിനെ കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാനായി സമീപവാസിയായ കണ്ണനിവാസില്‍ സരോഷ് വൈകിട്ട് അഞ്ചു മണിയോടെ പ്രേമരാജന്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. 

ബഹ്റൈനിലുള്ള മകൻ ഷിബിൻ വ്യാഴാഴ്ച നാട്ടിലെത്തുമെന്ന് അറിയിച്ചതിനെത്തുടർന്ന് അച്ഛനെയും അമ്മയെയും കാറില്‍ കൂട്ടി കണ്ണൂർ വിമാനത്താവളത്തിലേക്ക് പുറപ്പെടാനാണ് ഡ്രൈവർ അലവിലുള്ള വീട്ടിലെത്തിയത്.

പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കുകയോ ഫോണെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് സമീപവാസികളെക്കൂട്ടി പോലീസില്‍ വിവരമറിയിച്ചത്. 

പോലീസ് നിർദേശിച്ചതനുസരിച്ച്‌ വാതില്‍ തുറന്നപ്പോഴാണ് കിടപ്പു മുറിയില്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ രണ്ടു പേരുടെയും മൃതദേഹം കണ്ടതെന്ന് സരോഷ് പറഞ്ഞു. രണ്ടു പേരും നിലത്താണ് കിടന്നിരുന്നത്. 

അപ്പോഴേക്കും വിമാനമിറങ്ങിയ ഷിബിൻ സരോഷിനെ വിളിച്ചിരുന്നു. സംഭവം പറഞ്ഞതോടെ ഷിബിൻ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.

ശ്രീലേഖയുടെ തലയ്ക്കു പിറകില്‍ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നുവെന്ന് വീടിനകത്ത് കയറിയ അയല്‍വാസികള്‍ പറഞ്ഞു. 

കിടക്കയില്‍ ചുറ്റികയും കണ്ടു. സ്ഥലത്തെത്തിയ പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധനകളും നടപടി ക്രമങ്ങളും പൂർത്തിയാക്കി. ഓസട്രേലിയയില്‍ ജോലി ചെയ്യുന്ന ഇരുവരുടെയും മൂത്ത മകൻ പ്രബിത്ത് പ്രേമരാജൻ അടുത്തിടെയാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. 

സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്ത ഇരുവരുടെയും ദുരൂഹത നിറഞ്ഞ മരണം അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. മകനെ കൂട്ടിക്കൊണ്ടു വരാൻ രണ്ടു ദിവസം മുൻപാണ് സരോഷിനെ ഏല്‍പ്പിച്ചത്.

 അലവിലില്‍ പ്രേമരാജൻ-ശ്രീലേഖ ദമ്പതികൾ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനു മുന്നില്‍ തടിച്ചു കൂടിയവർ

വ്യാഴാഴ്ച രാവിലെ മുതല്‍ ഇരുവരെയും ഫോണില്‍ കിട്ടിയിരുന്നില്ലെന്ന് അയല്‍വാസി സവാദ് പറഞ്ഞു. വിളിച്ച്‌ കിട്ടാതായതോടെ വൈകിട്ട് മരുമകള്‍ വിഞ്ജു തന്റെ സഹോദരിയെ വിളിച്ചതു പ്രകാരം പോയി നോക്കുമ്പോഴാണ് മറ്റുള്ളവർ വീടു തുറക്കുന്നത് കണ്ടത്. 

ബുധനാഴ്ചയും ഇരുവരെയും പുറത്ത് കണ്ടിരുന്നില്ലെങ്കിലും തന്റെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സവാദ് ഓർക്കുന്നു. രാത്രി വൈകിയിട്ടും പതിവില്ലാതെ വീട്ടില്‍ വെളിച്ചം കണ്ടിരുന്നുവെന്നും സവാദ് പറഞ്ഞു. 

മുഴുവൻ സമയം വീട്ടിലും മറ്റും വിവിധ ജോലികളിലേർപ്പെട്ട് ഊർജ്ജസ്വലരായിരുന്നു ഇരുവരുമെന്ന് അയല്‍വാസികള്‍ പറയുന്നു. എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ച ഇരുവരുടെയും വേർപാട് വിശ്വസിക്കാനാകാതെ വിങ്ങുകയാണ് കൂടി നിന്നവർ.

ഇവർ രണ്ടു പേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ മുന്നിലെയും പിറകിലെയും വാതിലുകലും ജനാലകളും അടച്ച്‌ കുറ്റിയിട്ട നിലയിലായിരുന്നു. 


Previous Post Next Post