Zygo-Ad

പി പി ദിവ്യയെ പിന്തുണയ്‌ക്കാതെ മുഖ്യമന്ത്രി, 'പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം, അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം'


കണ്ണൂർ :എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും. പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണ് പി പി ദിവ്യയില്‍ നിന്ന് ഉണ്ടായതെന്നും അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണമെന്നും സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പി .പി ദിവ്യയെ സംരക്ഷിക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും മുൻപ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതേനിലപാട് തന്നെയാണ് കഴിഞ്ഞദിവസവും കൈക്കൊണ്ടത്. പി.പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് വേദിയില്‍ വന്ന് നടത്തിയ പരാമർശങ്ങള്‍ ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ദിവ്യയെ വിമർശിച്ചു എന്ന വാർത്തയില്‍ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി നിലപാടില്‍ മാറ്റമില്ലെന്നും വാക്കുകള്‍ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നാണ് എം വി ജയരാജൻ പറ‍‌ഞ്ഞത്.

'വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്. കേസ് പൊലീസ് അന്വേഷിക്കുകയാണ്. ഒരു വാചകം അടർത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നു' എം.വി ജയരാജൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമെന്നത് സത്യമാണ് എന്നായിരുന്നു ജയരാജൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്.

Previous Post Next Post