Zygo-Ad

മഴക്കാലമാണ്,വാഹനം ഓടിക്കുമ്പോൾ കാഴ്ചയ്ക്ക് പരിമിതികൾ ധാരാളം ഉണ്ടാകുന്ന സമയവും ആണ്.മുന്നറിയിപ്പുമായി എം വി ഡി.

കണ്ണൂർ : ഈ സീസണിൽ നമ്മുടെ റോഡുകളിൽ വിശേഷിച്ച് മലമ്പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഹസാർഡ് വാണിംഗ് ലാമ്പ് (നാല് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്) പ്രവർത്തിപ്പിച്ചുകൊണ്ട് മൂടൽമഞ്ഞിലും മഴയത്തും വാഹനം ഓടിക്കുന്നത്.
സുരക്ഷയെ മുൻകരുതിയാണ് പലരും ഇത് ചെയ്യുന്നത്.പക്ഷേ അപകടസാധ്യത വർദ്ധിപ്പിക്കുക മാത്രമാണ് ഇതുകൊണ്ടുള്ള പ്രയോജനം.

മഴയും മഞ്ഞും മൂലം കാഴ്ച തീരെ മങ്ങിയ , വാഹനങ്ങൾ തമ്മിലുള്ള അകലം സാധാരണയിലും കുറവായിരിക്കുന്ന അവസ്ഥയിൽ, തൊട്ടുമുമ്പിലുള്ള വാഹനത്തിന്റെ പിന്നിൽ നിന്നും ഇടവിട്ട് ഇടവിട്ട് പ്രസരിക്കുന്ന ഈ പ്രകാശരശ്മികൾ തൊട്ടുപിന്നിലുള്ള വാഹനത്തിന്റെ ഡ്രൈവറുടെ കാഴ്ച കൂടുതൽ അവ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ലളിതമായി പറഞ്ഞാൽ ഡ്രൈവറുടെ കണ്ണിലേക്ക് ഇടവിട്ട് ഇടവിട്ട് ടോർച്ച് അടിച്ചാൽ ഉണ്ടാകുന്ന അവസ്ഥ തന്നെ.

ബ്രേക്ക് ഡൗണോ അതുപോലെയുള്ള മറ്റെന്തെങ്കിലും കാരണത്താലോ വാഹനം റോഡിൽ മുന്നോട്ട് ഒട്ടും ചലിപ്പിക്കാൻ ആവാത്ത അവസ്ഥയിലും നിയമാനുസരണം കെട്ടിവലിക്കുകയും വലിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലും മാത്രം മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഉപയോഗിക്കേണ്ടതാണ് ഈ സംവിധാനം.അതായത്, ചലിക്കുന്ന അവസ്ഥയിൽ ഹസാർഡ് വാണിംഗ് ലാമ്പ് ഉപയോഗിക്കണമെങ്കിൽ കേടായ ഒരു വാഹനത്തെ കെട്ടിവലിക്കുകയോ കേടായതു കാരണം കെട്ടിവലിക്കപ്പെടുകയോ ചെയ്യുന്ന അവസരത്തിൽ മാത്രം.

അതുകൊണ്ടുതന്നെയാണ് ഇൻഡിക്കേറ്റർ സ്വിച്ചിൽ നിന്നും മാറ്റി ഇതിന് പ്രത്യേകം ചുവപ്പുനിറത്തിലുള്ള സ്വിച്ച് നൽകിയിരിക്കുന്നത്.നാൽക്കവലകളിൽ നേരെ പോകുന്നതിനെ സൂചിപ്പിക്കാനും ചിലർ ഇത് ദുരുപയോഗം ചെയ്യാറുണ്ട്.ഹസാർഡ് വാണിംഗ് ലാമ്പിന്റെ തെറ്റായ ഉപയോഗം അപകടമുന്നറിയിപ്പ് തന്നെ അപകടത്തിലേക്ക് നയിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും.

Previous Post Next Post